മുംബൈ- വ്യോമയാന രംഗത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നീങ്ങിത്തുടങ്ങിയതോടെ ബജറ്റ് വിമാന കമ്പനികളുടെ പുതിയ വിലയുദ്ധത്തിന് കളമൊരുങ്ങുന്നു. യാത്രാ ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് കടുത്ത മത്സരത്തിനാണ് കമ്പനികളുടെ പുതിയ നീക്കങ്ങള്‍. ടിക്കറ്റ് നിരക്കില്‍ നിന്നും ചെക്കിന്‍ ബാഗേജ് ചാര്‍ജ് ഒഴിവാക്കി ഈ മത്സരത്തില്‍ ആദ്യ നീക്കം നടത്താനിരിക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ബജറ്റ് വിമാനകമ്പനികളിലൊന്നായ ഇന്‍ഡിഗോ. ബാഗേജിന് യാത്രക്കാരില്‍ നിന്ന് പ്രത്യേക നിരക്ക് ഈടാക്കുന്നത് ഇന്‍ഡിഗോ സജീവമായി പരിഗണിക്കുന്നുണ്ട്. ബാഗേജ് നിരക്ക് ടിക്കറ്റ് നിരക്കില്‍ നിന്ന് ഒഴിവാക്കുന്നതോടെ യാത്രാ ടിക്കറ്റ് നിരക്ക് വീണ്ടും കുറയും. മറ്റൊരു ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റും (ഗോ എയര്‍) ബാഗേജ് നിരക്ക് ടിക്കറ്റ് നിരക്കില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ വിമാന യാത്രയൊരുക്കുന്ന കമ്പനിയായി മാറാനുള്ള ശ്രമമാണ് ഗോ ഫസ്റ്റിന്റേത്.
ബാഗേജില്ലാതെ യാത്രാ നിരക്ക് മാത്രം ഇടാക്കി യാത്രക്കാരെ കൊണ്ടു പോകാന്‍ നേരത്തെ തന്നെ വിമാന കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കോവിഡ് വ്യാപിച്ച് പ്രതിസന്ധിയിലായതോടെ ഇന്‍ഡിഗോ ഇതു നടപ്പിലാക്കിയിരുന്നില്ല. നിരക്കുകള്‍ക്കും യാത്രക്കാരുടെ എണ്ണത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ ഇതു നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത പറഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും പുതിയ നീക്കങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യം പ്രതീക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോവിഡിന് ശേഷം ശക്തമായ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമായ വിപണിയില്‍ രണ്ട് ബജറ്റ് വിമാന കമ്പനികള്‍ യാത്രാ നിരക്ക് വെട്ടിക്കുറക്കുന്നതോടെ കടുത്ത വില യുദ്ധം തന്നെ നടന്നേക്കും. ഈ നിരക്ക് വെട്ടിക്കുറക്കല്‍ മത്സരം ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എവിയേഷന്‍ വിപണിയായ ഇന്ത്യയില്‍ പല വിമാന കമ്പനികളേയും കെണിയിലാക്കിയിട്ടുമുണ്ട്.