ഹൈദരാബാദ് -ഹൃദ്രോഗം മൂലം മരിച്ച സ്ത്രീയുടെ മൃതദേഹം ആശുപത്രി ജനറൽ വാർഡിൽ നിന്നും മാറ്റാനെത്തിയ ജീവനക്കാർ ആ കാഴ്ച്ച കണ്ട് സ്തംഭിച്ചു. ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രിയിൽ വച്ച് മരിച്ച യുവതിയുടെ സമീപം കട്ടിലിൽ എന്തു സംഭവിച്ചുവെന്ന് പോലും അറിയാതെ പിഞ്ചു ബാലൻ ഉറങ്ങുന്ന ആ കാഴ്ച സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചിരിക്കുകയാണ്. കടുത്ത ശ്വാസ തടസ്സവുമായി ഞായറാഴചയാണ് യുവതി അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന മകനൊപ്പം ആശുപത്രിയിലെത്തിയത്. കൂടെ മറ്റാരുമുണ്ടായിരുന്നില്ല. ഗുരുതരമായ ഹൃദ്രോഗമാണെന്ന് ഡോകടർമാർ കണ്ടെത്തിയപ്പോഴേക്കും അവർക്കു കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ആശുപത്രിക്കിടക്കയിൽ ജീവനോട് മല്ലിടുകയായിരുന്ന അമ്മയുടെ ചാരത്ത് അള്ളിപ്പിടിച്ച് ആ ബാലനും കയറിക്കിടന്നതായിരുന്നു. ഇതിനിടെ അമ്മ അന്ത്യശ്വാസം വലിച്ചതൊന്നുമറിയാതെ കുട്ടി ഉറക്കത്തിലായിരുന്നു.
മൃതദേഹം മാറ്റാനെത്തിയ ജീവനക്കാർ കുഞ്ഞിനെ ഉണർത്തി കട്ടിലിൽ നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ ഇറങ്ങിയില്ല. ഒടുവിൽ ആശുപത്രി അധികൃതർ ഒരു സന്നദ്ധ സംഘടനയുടെ സഹായം തേടുകയായിരുന്നു. ഹെൽപിങ് ഹാൻഡ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ വളണ്ടിയർമാർ സ്ഥലത്തെത്തുകയും മൃതദേഹത്തിനും കുഞ്ഞിനും രാത്രിമുഴുവൻ കുട്ടിരിക്കുകയും ചെയ്തു. ഇവർ മുൻകൈ എടുത്ത് ബന്ധുക്കൾക്കായുള്ള അന്വേഷണവും ആരംഭിച്ചു. 18 ണിക്കൂർ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഹൈദരാബാദിലെ വ്യവസായ മേഖലയായ കട്ടെദാൻ സ്വദേശിയായ സമീന സുൽത്താനയാണ് മരിച്ച യുവതിയെന്ന് പോലീസിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു. ഭർത്താവ് മൂന്ന് വർഷം മുമ്പ് ഉപേക്ഷിച്ചതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. കുട്ടിയെ സംരക്ഷണമേറ്റെടുത്ത അമ്മാവന്റെ കൂടെ വിടുകയും ചെയ്തു.