ജയ് ഭീം കണ്ടവരാരും സെങ്കിണിയെ മറക്കില്ല. ജ്ഞാനവേൽ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും അധഃകൃത വർഗമായി ജീവിതം നയിക്കുന്ന ഇരുളർ സമുദായത്തിന്റെ കഥയാണ് വെളിപ്പെടുത്തുന്നത്. എലിയെയും പാമ്പുകളെയും വേട്ടയാടിപ്പിടിച്ച് തിന്നും വിഷചികിത്സ നടത്തിയും ജീവിതം നയിക്കുന്നവർ. ചെങ്കൽ ചൂളയിൽ അടിമകളെപ്പോലെ പണിയെടുക്കുന്നവർ. തൊണ്ണൂറുകളിൽ മോഷണക്കുറ്റമാരോപിച്ച് പിടിയിലായ രാജാകണ്ണന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ചന്ദ്രുവും സംഘവും നടത്തിയ നിയമ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. രാജാകണ്ണന്റെ ഭാര്യയായ പാർവതി അമ്മാൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. സെങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാർവതി അമ്മാളിനെ സഹായിക്കാനായി തമിഴകം കൈകോർത്തിരിക്കുകയാണിപ്പോൾ.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കു ചുവടുവെച്ച ലിജോ മോൾ ആണ് സെങ്കിനിയായി വേഷമിട്ടത്. നായകനായ സൂര്യയുടെ അഡ്വ. ചന്ദ്രുവിനോടൊപ്പം മത്സരിച്ചഭിനയിച്ച സെങ്കിനി അദ്ദേഹത്തേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഭർത്താവിന്റെ തിരോധാനത്തിൽ നീതിക്കു വേണ്ടി നിറവയറുമായി കോടതികൾ കയറിയിറങ്ങുന്ന സെങ്കിനി ആരുടെയും ഉള്ളുലയ്ക്കുന്ന കഥാപാത്രമാണ്. ഒടുവിൽ കോടതി അവൾക്കനുകൂലമായി വിധി പ്രസ്താവിക്കുമ്പോൾ അത് കേട്ടുനിൽക്കാതെ മകൾ അല്ലിയുടെ കൈപിടിച്ച് തിമിർത്തു പെയ്യുന്ന മഴയിലിറങ്ങി നടക്കുകയാണവൾ. ഭർത്താവിനെ കൊന്നവരോടും തങ്ങളുടെ ജാതിയെ തള്ളിപ്പറയുന്നവരോടുമുള്ള പ്രതിഷേധം മാത്രമല്ല, മക്കൾക്കു നീതി വാങ്ങിക്കൊടുത്ത ഒരു അമ്മയുടെ ആത്മസംതൃപ്തിയോടും കൂടിയാണ്
അവൾ ആ മഴയിൽ നനഞ്ഞു നിൽക്കുന്നത്. മനസ്സിനെ ഏറെ വേട്ടയാടിയ ആ വേഷം ഇപ്പോഴും എന്നിൽനിന്നും ഒഴിഞ്ഞുപോയിട്ടില്ലെന്നു പറയുന്ന ലിജോമോൾ സംസാരിക്കുന്നു.
ജയ് ഭീമിലെത്തിയത്
ഒഡീഷൻ വഴിയാണ് ഈ ചിത്രത്തിലെത്തിയത്. സിദ്ധാർത്ഥിനും ജി.വി. പ്രകാശിനുമൊപ്പം അഭിനയിച്ച സിവപ്പ് മഞ്ചൾ പച്ചൈ എന്ന ചിത്രമാണ് ജയ് ഭീമിലേയ്ക്കു നയിച്ചത്. ഈ ചിത്രം കണ്ടാണ് ജ്ഞാനവേൽ സാർ ഒഡീഷനു വിളിച്ചത്. അവിടെയെത്തിയപ്പോൾ ചിത്രത്തിലെ ഒരു സീൻ തന്നിട്ട് അഭിനയിക്കാൻ പറഞ്ഞു. എന്നാൽ തമിഴ് വശമില്ലാത്തതിനാൽ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാനായില്ല. കഥ മനസ്സിലായെങ്കിൽ മലയാളത്തിൽ പറഞ്ഞാൽ മതിയെന്ന് സംവിധായകൻ പറഞ്ഞു. മലയാളത്തിൽ പറഞ്ഞ് അഭിനയിച്ചാണ് ഒഡീഷൻ പാസായത്. അപ്പോഴൊന്നും സൂര്യയാണ് നായകനെന്ന് പറഞ്ഞിരുന്നില്ല. അടുത്ത ദിവസമാണ് അഡ്വ. ചന്ദ്രുവായി എത്തുന്നത് സൂര്യയാണെന്ന് അറിഞ്ഞത്. ചിത്രീകരണത്തിന് മുമ്പ് ഒന്നര മാസത്തോളം പരിശീലനവുമുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷം കൊണ്ടാണ് ചിത്രം പൂർത്തിയായത്.
അഭിനയ പാഠങ്ങൾ
ഇരുളർ സമുദായത്തിലുള്ള ഒരു കുടുംബത്തിന് സംഭവിക്കുന്ന ദുരന്തവും തുടർന്നുള്ള പ്രതിസന്ധികളുമായിരുന്നു ചിത്രത്തിന്റെ കാതൽ. അതുകൊണ്ടു തന്നെ അവരുടെ ജീവിതം പഠിക്കണമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. രാജാകണ്ണനായി അഭിനയിക്കുന്ന മണികണ്ഠനോ എനിക്കോ അവരെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അവരെക്കുറിച്ച് കൂടുതലറിയാനായി അവരോടൊപ്പം കുറച്ചുകാലം ചെലവഴിക്കേണ്ടിവരുമെന്നും സംവിധായകൻ സൂചിപ്പിച്ചു. ജനുവരി മുതൽ മാർച്ച് വരെ അവരോടൊപ്പം തന്നെയായിരുന്നു ജീവിതം. ഞങ്ങൾ അഞ്ചു പേരൊഴിച്ച് ബാക്കിയെല്ലാം ഇരുളർ മക്കളായിരുന്നു. അവരോടൊപ്പം അഭിനയിക്കുമ്പോൾ നമ്മുടെ പ്രകടനം മോശമാകാൻ പാടില്ല. ഭാഷയായിരുന്നു മുഖ്യ പ്രശ്‌നം. അവരുടെ ഭാഷ എനിക്കും ഞാൻ പറയുന്നത് അവർക്കും മനസ്സിലായിരുന്നില്ല. മണികണ്ഠനാണ് സഹായിച്ചത്. രണ്ടാഴ്ച കൊണ്ട് തമിഴ് പഠിച്ചെടുത്തു. അവരുടെ കുടിലുകളിൽ പോയി ജീവിത രീതികൾ മനസ്സിലാക്കിയെടുത്തു. അവർ സാരിയാണുടുക്കുന്നത്. ചെരിപ്പ് ധരിക്കാറില്ല. അവർ എന്തു കഴിക്കുന്നുവെന്നും എവിടെ ഉറങ്ങുന്നുവെന്നും മനസ്സിലാക്കി. അവർക്കൊപ്പം വേട്ടയ്ക്കു പോകാനും വേട്ടയാടിക്കൊണ്ടുവന്ന എലിയിറച്ചി കഴിക്കേണ്ടിവന്നതുമാണ് വിചിത്രം.
രാത്രി വേട്ടയ്ക്കു പോയാൽ തിരിച്ചെത്തുക പിറ്റേന്ന് രാവിലെയായിരിക്കും. ചെരിപ്പില്ലാതെ കാട്ടിൽ ഇത്രയും ദൂരം സഞ്ചരിക്കുക ദുഷ്‌കരം. കൊണ്ടുവരുന്ന എലികളെ മുറിച്ച് വൃത്തിയാക്കി കറിവെയ്ക്കാനും പഠിച്ചു. മാത്രമല്ല, സെങ്കിണി പാമ്പുവിഷത്തിന് ചികിത്സിക്കുന്നവളാണ്. പാമ്പിൻ വിഷത്തിനുള്ള മരുന്ന് കൊടുക്കുന്ന ഒരു സീനുണ്ട് സിനിമയിൽ. കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി വിഷചികിത്സയും പഠിച്ചു. മണികണ്ഠനാണെങ്കിൽ പാമ്പിനെ പിടിക്കാൻ പഠിച്ചു. ചെങ്കൽ ചൂളയിൽ ജോലിക്കും പോയി. നമ്മൾ അവരിൽനിന്നും വ്യത്യസ്തരാണെന്ന തോന്നലുണ്ടാവരുതെന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു. അതിനായിരുന്നു ഈ പരിശീലനമെല്ലാം. കുറച്ചുകാലം അവരോടൊപ്പം കഴിഞ്ഞതുകൊണ്ടാകണം അവരിൽനിന്നും വ്യത്യസ്തരായി തോന്നിയില്ല. ഷൂട്ടിംഗ് തുടങ്ങി പത്തു ദിവസമായപ്പോഴായിരുന്നു ലോക് ഡൗൺ വന്നത്. അതോടെ ചിത്രീകരണം മുടങ്ങി. വീട്ടിലായിരിക്കുമ്പോഴും ജ്ഞാനവേൽ സാർ വിളിക്കുമായിരുന്നു. സെങ്കിണിയായിത്തന്നെ ഇരിക്കണം. ലിജോയാകരുത് എന്നായിരുന്നു ഉപദേശം. മുഴുവൻ സമയവും സെങ്കിണിയെ ഉൾക്കൊള്ളാൻ ശ്രമിക്കുകയായിരുന്നു. ഊരിലെ മക്കളെ പഠിപ്പിക്കാനെത്തിയ ടീച്ചറായ മൈത്രയായി രജിഷ വിജയനായിരുന്നു കൂട്ട്. ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ മാത്രമായിരുന്നു മലയാളം പറഞ്ഞിരുന്നത്.
പോലീസിന്റെ മർദനം ശരിക്കും ഉണ്ടായോ?
റബർ ലാത്തി കൊണ്ടാണ് അടിക്കുന്നതെങ്കിലും ചിലപ്പോൾ നന്നായി വേദനിക്കുമായിരുന്നു. ഒരു തവണ അടിച്ചപ്പോൾ കൈ ആകെ നീരു വന്ന് വീർത്തിരുന്നു. എന്റെ സഹോദരനായി വേഷമിട്ട പയ്യൻ ആ സമുദായക്കാരൻ തന്നെയായിരുന്നു. അവനും നന്നായി തല്ലു കിട്ടിയിട്ടുണ്ട്. സംവിധായകൻ സോറി പറഞ്ഞാണ് അവനെ ആശ്വസിപ്പിച്ചത്. കൂടാതെ ഗർഭിണിയായി അഭിനയിക്കാനായി കൃത്രിമ വയറുമായിട്ടായിരുന്നു നടപ്പ്. മാസം കൂടുന്നതനുസരിച്ച് വയറിന്റെ വലിപ്പവും കൂടിവന്നു. ഒടുവിൽ നടുവേദന തുടങ്ങി. അതിനാൽ പല സമയത്തും കരയാൻ ഗ്ലിസറിന്റെ ആവശ്യമുണ്ടായിരുന്നില്ല. കരച്ചിലാണെങ്കിൽ വളരെ ഉച്ചത്തിൽ കരയണം. പലപ്പോഴും കരഞ്ഞു കഴിഞ്ഞാൽ ശബ്ദം അടഞ്ഞുപോകും. പിന്നീട് അൽപം കഴിഞ്ഞാണ് ചിത്രീകരണം തുടങ്ങുക. ഇത്തരത്തിൽ ഏറെ ബുദ്ധിമുട്ടിയാണ് സെങ്കിണിയെ അവതരിപ്പിച്ചതെങ്കിലും പ്രേക്ഷകർ ചിത്രം സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ട്.
സൂര്യയുടെ സഹകരണം
നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൽനിന്നും ലഭിച്ചത്. എന്നെ മാത്രമല്ല, ആ സിനിമയിൽ അഭിനയിച്ച ഇരുളർ വിഭാഗക്കാരെയും അദ്ദേഹം കംഫർട്ടബിളാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ക്യാമറ പോലും കാണാത്തവരായിരുന്നു അവർ. അവരുടെ മക്കളെ കൊഞ്ചിച്ചും തമാശകൾ പറഞ്ഞും അവരെ തങ്ങളിലൊരാളാക്കി നിർത്താൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. നല്ലൊരു മനുഷ്യ സ്‌നേഹിയായ അദ്ദേഹത്തിന്റെ വലിയ ഫാനായി മാറിയിരിക്കുകയാണ് ഞാൻ. ഈയിടെ നടന്ന ഞങ്ങളുടെ വിവാഹത്തിന് ഒരു വീഡിയോ തയാറാക്കി അയച്ചുതന്നിരുന്നു.
ഭാഗ്യങ്ങളുടെ വർഷമാണിത്
സന്തോഷത്തിന്റെ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദീർഘനാളത്തെ സൗഹൃദം വിവാഹത്തിലൂടെ സാർത്ഥകമായതിന്റെ സന്തോഷം ഒരു വശത്ത്. കഴിഞ്ഞ ഒക്‌ടോബർ നാലിനായിരുന്നു ഞാനും അരുണും വിവാഹിതരായത്. കഴിഞ്ഞ ഏഴു വർഷമായി എനിക്ക് അരുണിനെ അറിയാം. യൂനിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാലം തൊട്ടേ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. മറ്റൊന്ന് സൂര്യക്കൊപ്പം അഭിനയിച്ച സിനിമയുടെ ഗംഭീര വിജയം. ജീവിതത്തിലും കരിയറിലും ഭാഗ്യം കൊണ്ടുവന്ന വർഷമാണിതെന്നു പറയാം.
സിനിമയിലെത്തിയത്
തികച്ചും ആകസ്മികം. ഇടുക്കിയിലെ പീരുമേട്ടിലാണ് വീട്. അച്ഛൻ രാജീവൻ കൃഷിയും കച്ചവടവുമെല്ലാമായി കഴിയുന്നു. അമ്മ ലിസമ്മ വനംവകുപ്പിലാണ് ജോലി ചെയ്യുന്നത്. അനുജത്തി ലിയ എം.ബി.എ കഴിഞ്ഞു. പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിൽനിന്നും ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ പി.ജി കഴിഞ്ഞ സമയം. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലേയ്ക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണറിഞ്ഞത്. സുഹൃത്ത് ഫോട്ടോ അയക്കാൻ പറഞ്ഞു. കലാപരമായി യാതൊരു പിൻബലവുമില്ലാത്തതുകൊണ്ട് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഒഡീഷനു വിളിച്ചപ്പോഴാണ് വീട്ടിൽ വിവരം പറഞ്ഞത്. എന്തിനാണ് ഫോട്ടോ അയച്ചുകൊടുത്തത് എന്നായിരുന്നു അച്ഛന്റെ ചോദ്യം. എങ്കിലും ഒഡീഷന് അച്ഛനാണ് കൂടെ വന്നത്. സെലക്ഷനാകില്ല എന്ന ഉറപ്പുള്ളതുകൊണ്ട് വളരെ കൂളായാണ് ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയത്. മൂന്നു ടാസ്‌കുകളാണ് ഉണ്ടായിരുന്നത്. അപരിചിതനായ ഒരാൾ വീട്ടിൽ വരുമ്പോൾ ആരാ എന്ന് ചോദിക്കണം. അയാൾ ആളത്ര ശരിയല്ലെന്ന മട്ടിൽ പെരുമാറണം. അടുത്തത് സുഹൃത്തിന് സിനിമാ കഥ പറഞ്ഞുകൊടുക്കുന്നത് എങ്ങനെയെന്ന് കാണിക്കാനായിരുന്നു. ഒടുവിൽ സെലക്ഷൻ ലഭിച്ചു എന്നറിഞ്ഞപ്പോൾ അദ്ഭുതപ്പെട്ടുപോയി. അലൻസിയർ ചേട്ടൻ അവതരിപ്പിച്ച ബേബിച്ചായന്റെ മകളായ സോണിയയെ അവതരിപ്പിച്ചത് അങ്ങനെയാണ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ നാടൻ പെൺകുട്ടിയായ കനിയെയായിരുന്നു പിന്നീട് അവതരിപ്പിച്ചത്. ഹണിബീ ടുവിലെ കൺമണി, സ്ട്രീറ്റ് ലൈറ്റിലെ രമ്യ, പ്രേമസൂത്രത്തിലെ അമ്മുക്കുട്ടി, ഒറ്റക്കൊരു കാമുകനിലെ കത്രീന തുടങ്ങി ചെറിയ വേഷങ്ങളുമായി കുറെ ചിത്രങ്ങൾ. മഹേഷിന്റെ പ്രതികാരം കണ്ടാണ് സിവപ്പ് മഞ്ചൾ പച്ചൈ എന്ന തമിഴ് ചിത്രത്തിലേയ്ക്ക് ക്ഷണമെത്തിയത്. ജി.വി. പ്രകാശിന്റെ ചേച്ചിയായ രാജലക്ഷ്മിയെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് നല്ലൊരു കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പാണ് ജയ് ഭീമിലൂടെ സാർത്ഥകമായത്.
പുതിയ വിശേഷങ്ങൾ
പോണ്ടിച്ചേരിയിലാണ് ഇപ്പോഴത്തെ വാസം. ഞാനും അരുണും ചേർന്ന് ഇൻഡോർ പ്ലാന്റ്‌സിന്റെയും ഇംപോർട്ടഡ് സെറാമിക് പോട്ട്‌സിന്റെയും ഒരു സ്റ്റോർ നടത്തുകയാണിവിടെ. ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടപ്പെട്ട ബിസിനസാണിത്. കൂടാതെ പുതിയൊരു സിനിമയിലേയ്ക്കും കരാറായിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കാനിരിക്കുന്നത്. സെങ്കിണിയെ മനസ്സിൽനിന്നും മാറ്റിനിർത്താൻ വ്യത്യസ്തമായ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ മോഹവും സഫലമായിരിക്കുന്നു.