ഗുരുഗ്രാം- പൊതുസ്ഥലങ്ങളിൽ മുസ്ലിംകൾ വെള്ളിയാഴ്ച ജുമുഅ നമസ്‌കരിക്കുന്നതിന് എതിരെ സംഘ്പരിവാർ രംഗത്തെത്തിയപ്പോൾ സ്വന്തം വീടിന്റെ ടെറസിൽ മുസ്ലിംകൾക്ക് നമസ്‌കാരത്തിന് സൗകര്യം ഏർപ്പെടുത്തി ഹിന്ദു യുവാവ്. അക്ഷയ് റാവു എന്നയാളാണ് ഗുരുഗ്രാമിൽ സ്വന്തം വീടിന്റെ ടെറസിൽ മുസ്ലിംകൾക്ക് നമസ്‌കാരത്തിന് സൗകര്യം ഏർപ്പെടുത്തിയത്. സമൂഹത്തിലെ സാഹോദര്യവും മൈത്രിയും നിലനിർത്താനാണ് സൗകര്യം ഏർപ്പെടുത്തിയതെന്ന് അക്ഷയ് റാവു പറഞ്ഞു. രാജ്യത്ത് ക്രമസമാധാനം പുലരാൻ എല്ലാ പൗരൻമാർക്കുമുള്ള ബാധ്യതയാണ് ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റാവു സൗകര്യം ഏർപ്പെടുത്തിയ സ്ഥലത്ത് 25-ലേറെ പേർ നമസ്‌കാരം നിർവഹിച്ചു. റാവു ഏർപ്പെടുത്തിയ സൗകര്യത്തെ മുസ്ലിം ഏകതാ മഞ്ച് നേതാവ് ഹാജി ഷെഹ്‌സാദ് ഖാൻ പ്രശംസിച്ചു.