ശ്രീനഗര്‍- ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകാതെ നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസിന് തലവദേനയായി നേതാക്കളുടെ കൂട്ടരാജി. മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദുമായി അടുപ്പമുള്ള 20 മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയെ വെട്ടിലാക്കി പാര്‍ട്ടി പദവികള്‍ രാജിവച്ചത്. സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇവരുടെ രാജി. പാദസേവകർ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ഇവർ ആരോപിച്ചു. മുന്‍ മന്ത്രിമാരായ ജി എം സുറൂറി, വികാര്‍ റസൂല്‍, ഡോ. മനോഹര്‍ ലാല്‍ ശര്‍മ എന്നീ മുന്‍ മന്ത്രിമാരും ജുഗല്‍ കിഷോര്‍ ശര്‍മ, ഗുലാം നബി മൊംഗ, നരേഷ് ഗുപ്ത, മുഹമ്മദ് അമീന്‍ ഭട്ട്, സുഭാഷ് ഗുപ്ത എന്നീ മുന്‍ എംഎല്‍എമാരും ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അന്‍വര്‍ ഭട്ടും കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ അനായതുല്ല റാത്തറും രാജിവച്ചവരില്‍ ഉള്‍പ്പെടും.
പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഗുലാം അഹ്മദ് മിറിനെതിരെയാണ് നേതാക്കളുടെ പടയൊരുക്കം. എന്നാല്‍ ഇവര്‍ മിറിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ മൂന്ന് വര്‍ഷത്തേക്ക് എന്നു പറഞ്ഞാണ് നിയമിച്ചിരുന്നത്. എന്നാല്‍ എഴു വര്‍ഷം കഴിഞ്ഞിട്ടും നേതൃത്വത്തില്‍ മാറ്റമുണ്ടായില്ലെന്ന് വികാര്‍ റസൂല്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് പുതിയ നേതൃത്വം വരാതെ പാര്‍ട്ടി പദവികളൊന്നും വഹിക്കില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് 20 ദിവസം മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കത്തിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധിക്കും അയച്ചിട്ടുണ്ട്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മിറിന്റെ നേതൃത്വം പാര്‍ട്ടിയെ ദുരന്തത്തിലാക്കിയിരിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. മിര്‍ അധ്യക്ഷനായതിനു ശേഷം മുന്‍ മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി സംസ്ഥാന, ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ 200ലേറെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളിലേക്ക് പോയിട്ടുണ്ടെന്നും ഇവരില്‍ ഉന്നത പദവികള്‍ വഹിച്ചവരടക്കം ഉണ്ടെന്നും രാജിക്കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മിറിനു കീഴില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വലിയ പരാജയമാണ് നേരിട്ടത്. ഒരു വര്‍ഷത്തോളമായി പ്രമേയങ്ങളിലൂടേയും നേരിട്ടുള്ള അപേക്ഷകളിലൂടെയും നേതൃമാറ്റം ആവശ്യപ്പെട്ടുവരികയായിരുന്നു. ഓഗസ്റ്റില്‍ രാഹുല്‍ ഗാന്ധി ശ്രീനഗര്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഈ വിഷയം സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി രഞ്ജിനി പാട്ടീലിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കത്തില്‍ നേതാക്കള്‍ പറയുന്നു.