ചെന്നൈ- കോവിഡ് ബാധയെ തുടർന്ന് നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് തുടക്കം. ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം.
2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹർ അരങ്ങേറ്റം കുറിച്ചത്. 2012 ൽ മനോഹറിന്റെ മകൻ പത്തുവയസ്സുകാരൻ രാജൻ സ്‌കൂളിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചത് വലിയ ചർച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ നീന്തൽ പരിശീലകനടക്കം അഞ്ചു പേർ അറസ്റ്റിലായിരുന്നു.