ഇസ്ലാമാബാദ്- സിഖ് തീര്‍ഥാടന കേന്ദ്രമായ കര്‍താര്‍പൂര്‍ സാഹിബിലേക്കുള്ള ഇടനാഴി തുറക്കുന്നതില്‍ ക്രിക്കറ്റ് താരവും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനുമായ നവജ്യോത് സിംഗ് സിദ്ദുവിനെ പ്രകീര്‍ത്തിച്ച് പാക്കിസ്ഥാനിലെ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍.
ഇംറാന്‍ ഖാനും സിദ്ദുവും പങ്കുവെച്ചതാണ് കര്‍താര്‍പൂര്‍ ഇടനാഴി ആശയമെന്ന് സിദ്ദുവിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട്
കര്‍താര്‍പൂര്‍കോറിഡോര്‍ എന്ന വെബ്‌സൈറ്റില്‍ വെളിപ്പെടുത്തി. കര്‍താര്‍പൂര്‍ ഇടനാഴി ഇന്ന് മുതല്‍ വീണ്ടും തുറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.
2018ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് ഇംറാന്‍ ഖാനും സിദ്ദുവും തമ്മിലുള്ള ബന്ധം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ദാര്‍ നവ് ജ്യോത് സിംഗ് സിദ്ദുവുമായി ഈ ആശയം പങ്കിട്ടിരുന്നു. 2018 നവംബര്‍ 28 ന് പ്രധാനമന്ത്രി ഇംറാന്‍ ഖാനും സിദ്ദുവും കര്‍താര്‍പൂര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു- വെബ് സൈറ്റില്‍ പറയുന്നു.
ഇടനാഴി വീണ്ടും തുറക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കര്‍താര്‍പൂര്‍ ഇടനാഴി വിഷയത്തില്‍ പാക്കിസ്ഥാന്‍ സിദ്ദുവിന്റെ പങ്ക് ഉയര്‍ത്തിക്കാട്ടിയത്.
നിരവധി സിഖ് തീര്‍ഥാടകര്‍ക്ക് പ്രയോജനം ചെയ്യുന്ന സുപ്രധാന തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാര്‍ എത്തിയെന്നും കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി 17 മുതല്‍ വീണ്ടും തുറക്കുമെന്നും അമിത് ഷാ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് നേരത്തെ തുറന്ന ഇടനാഴി വീണ്ടും അടച്ചിരുന്നത്.
4.7 കിലോമീറ്റര്‍ നീളമുള്ള ഇടനാഴിയിലൂടെ ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലെത്താന്‍ വിസ ആവശ്യമില്ല. 2019 ലാണ് ഇടനാഴി തുറന്നത്. പഞ്ചാബിലെ ബി.ജെ.പി നേതാക്കള്‍ അടുത്തിടെ പ്രധാനമന്ത്രി മോഡിയെ സന്ദര്‍ശിച്ച് ഇടനാഴി വീണ്ടും തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു.