ബല്ലാരി- ഭിക്ഷ നല്‍കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന യാചകന്റെ ശവസംസ്‌കാര ചടങ്ങിനെത്തിയത് ആയിരങ്ങള്‍. കര്‍ണാടകയിലെ ബല്ലാരി ജില്ലയില്‍ വാഹനാപകടത്തില്‍ മരിച്ച മാനസിക വൈകല്യമുള്ള യാചകന്റെ സംസ്‌കാര ചടങ്ങിലേക്കാണ് ആളുകള്‍ ഒഴുകി എത്തിയത്. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ബല്ലാരിക്ക് സമീപമുള്ള ഹഡഗലി പട്ടണത്തിലെ ആളുകളാണ് ബസവ അല്ലെങ്കില്‍ ഹുച്ച ബസ്യ എന്ന 45 വയസ്സായ യാചകനിലൂടെ ഭാഗ്യം കൈവരുമെന്ന് വിശ്വസിച്ചിരുന്നത്.
വാഹനാപകടത്തില്‍ മരിച്ച ഹിച്ച ബസ്യയുടെ സംസ്‌കാരം അറിയിച്ചുകൊണ്ട് നഗരത്തില്‍ ബാനറുകള്‍ പോലും സ്ഥാപിച്ചിരുന്നു. ബാന്‍ഡ് വാദ്യമേളങ്ങളോടെയാണ് മൃതദേഹം കൊണ്ടുപോയത്.
പലരും തങ്ങളുടെ ബന്ധം സോഷ്യല്‍ മീഡിയയില്‍ വിവരിച്ചു. 'അപ്പാജി' (അച്ഛന്‍) എന്നാണ് ഹുച്ച ബസ്യ ആളുകളെ അഭിസംബോധന ചെയ്തിരുന്നതെന്ന് അവര്‍ പറഞ്ഞു. ഒരു വ്യക്തിയില്‍ നിന്ന് ഒരു രൂപ മാത്രം ഭിക്ഷയായി വാങ്ങുകയും അധിക തുക തിരികെ നല്‍കുകയും ചെയ്തിരുന്നു. നിര്‍ബന്ധിച്ചാലും കൂടുതല്‍ പണം വാങ്ങില്ല.
മുന്‍ ഉപമുഖ്യമന്ത്രി അന്തരിച്ച എം.പി പ്രകാശിനും മുന്‍ മന്ത്രി പരമേശ്വര നായിക്കിനും പരിചയമുണ്ടായിരുന്ന ഹുച്ച ബസ്യ എല്ലാ രാഷ്ട്രീയക്കാരോടും യാതൊരു മടിയും കൂടാതെ നിഷ്‌കളങ്കതയോടെ സംസാരിച്ചിരുന്നു.