ന്യൂദല്‍ഹി- ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും പേമെന്റുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപോര്‍ട്ട്. അതേസമയം സ്വര്‍ണം, ഓഹരി, കടപ്പത്രം എന്നിവ പോലുള്ള ആസ്തിയായി ക്രിപ്‌റ്റോ കറന്‍സികളെ അനുവദിച്ചേക്കുമെന്നും ഇക്കണൊമിക് ടൈംസ് റിപോര്‍ട്ട് ചെയ്തു. പൂര്‍ണമായി വിലക്കേര്‍പ്പെടുത്തുന്നതിനു പകരം നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ക്രിപ്‌റ്റോ കമ്പനികള്‍ക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയില്‍ ഉണ്ട്.
ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിനും വിലക്കാതിരിക്കാനും ഇവയെ കറന്‍സി എന്നതിലുപരി ക്രിപ്‌റ്റോ കറന്‍സികളെ ഒരു ആസ്തിയായി പരിഗണിക്കണമെന്ന് ക്രിപ്‌റ്റോ കമ്പനികള്‍ക്ക് സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നതിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിപ്‌റ്റോ ഇപടപാടുകള്‍ കാരണമാകുമെന്ന ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഒരു യോഗം നടന്നിരുന്നു. ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുന്നതു സംബന്ധിച്ചാണ് ഈ യോഗത്തില്‍ ചര്‍ച്ചയായതെന്ന് ഇക്കണൊമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. വികസിച്ചു വരുന്ന ഒരു സാങ്കേതികവിദ്യ എന്ന നിലയില്‍ ഇതു സംബന്ധിച്ച പുരോഗമനപരവും ദീര്‍ഘദൃഷ്ടിയുള്ളതുമായ നിലപാടാണ് സ്വീകരിക്കേണ്ടത് എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും റിപോര്‍ട്ട് പറയുന്നു.