ലഖ്‌നൗ- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ നാല് എം.എല്‍.സിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേവ് സിംഗ്. രവിശങ്കര്‍ സിംഗ് പപ്പു, സി.പി. ചന്ദ്, അക്ഷയ് പ്രതാപ് സിംഗ്, രാം നിരഞ്ജന്‍ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായ ദിനേശ് ശര്‍മ്മ, കേശവ് പ്രസാദ് മൗര്യ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് എന്നിവരുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിധാന്‍ പരിഷത്ത് അംഗങ്ങളായ ഇവരുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ചിലാണ് അവസാനിക്കേണ്ടത്. ബി.ജെ.പി പിന്തുണയോടെ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാമെന്നാണ് സമാജ് വാദി പാര്‍ട്ടി വിട്ട നേതാക്കളുടെ പ്രതീക്ഷ.
മുന്‍ പ്രധാനമന്ത്രി അന്തരിച്ച ചന്ദ്രശേഖറിന്റെ അനന്തരവനാണ് രവിശങ്കര്‍ സിംഗ് പപ്പു. ചന്ദ്രശേഖറിന്റെ മകന്‍ നീരജ് ശേഖര്‍ നേരത്തെ തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മുന്‍ മന്ത്രി മാര്‍ക്കണ്ഡേ ചന്ദിന്റെ മകനാണ് സി. പി ചന്ദ്. മുന്‍ മന്ത്രി രഘുരാജ് പ്രതാപ് സിംഗിന്റെ (രാജ ഭയ്യ) ബന്ധുവാണ് അക്ഷയ് പ്രതാപ് സിംഗ്.
ജൗന്‍പൂരില്‍ നിന്നുള്ള ബി.എസ്.പി എം.എല്‍.സി ബ്രിജേഷ് സിംഗ് പ്രിങ്കുവും ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുന്‍ ബി.എസ.്പി എംപി ധനഞ്ജയ് സിങ്ങിന്റെ അടുത്തയാളാണ് ഇദ്ദേഹം.
ബി.ജെ.പിയില്‍ ചേരുന്ന നേതാക്കളില്‍ ഭൂരിഭാഗവും താക്കൂര്‍ സമുദായത്തില്‍പ്പെട്ടവരാണെന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വര്‍ഷം ആദ്യം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടിരുന്നു.