Sorry, you need to enable JavaScript to visit this website.

ചാനല്‍ ചര്‍ച്ചകളാണ് കൂടുതല്‍ മലീനീകരണത്തിന് കാരണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി- വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകരെ ശിക്ഷിക്കാനാകില്ലെന്നും വൈക്കോല്‍ കത്തിക്കലില്‍ നിന്നും കര്‍ഷകരെ സര്‍ക്കാര്‍ പിന്തിരിപ്പിക്കണമെന്നും സുപ്രീം കോടതി. വൈക്കോല്‍ കത്തിക്കല്‍ മൂലം ദല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വായു മലീനീകരണം രൂക്ഷമാകുന്നതിന് പരിഹാരം തേടിയുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിര്‍ദേശം. ഒരാഴ്ച്ചയ്‌ക്കെങ്കിലും വൈക്കോല്‍ കത്തിക്കല്‍ നിര്‍ത്തിവെക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെടണമെന്നും അവരെ പിന്തിരിപ്പിക്കണമെന്നും നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

ഈ വിഷയത്തില്‍ മൂന്നാം ദിവസവും കോടതി വാദം കേള്‍ക്കല്‍ തുടരുകയാണ്. ദല്‍ഹിയിലെ വായു മലിനീകരണത്തെ ചൊല്ലി ദല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പരസ്പര പോരിനോട് കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. കോടതിയെ താന്‍ തെറ്റിദ്ധരിപ്പിച്ചെന്ന രീതിയില്‍ ടിവി ചര്‍ച്ചയില്‍ തനിക്കെതിരെ മോശം പരാമര്‍ശങ്ങളുണ്ടായെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുശാര്‍ മേത്ത ചൂണ്ടിക്കാട്ടിയപ്പോള്‍ ശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ടിവി ചര്‍ച്ചകളാണ് കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പ്രതികരണം. ടിവി ചര്‍ച്ചകളില്‍ അവര്‍ക്ക് അവരുടെ സ്വന്തം അജണ്ടകളുണ്ട്. കോടതിയില്‍ ഒരു പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്- ചീഫ് ജസ്റ്റിസ് പറഞ്ഞു.
 

Latest News