നെടുമ്പാശ്ശേരി- പോലിസ് ഉദ്യോഗസ്ഥൻ അടിച്ചു കൊന്നുവെന്ന പരാതി ഉയർന്ന നായയുടെ മരണം തലയിൽ രക്തം കട്ടപിടിച്ചത് മൂലമാണെന്ന് സൂചന. എറണാകുളം വെറ്റിനറി ആശുപത്രിയിൽ നടത്തിയ നായയുടെ പോസ്റ്റുമോർട്ടത്തെ തുടർന്നുള്ള പ്രാഥമിക വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. ഇതിനായി പോസ്റ്റ്മോർട്ടത്തിൽ ശേഖരിച്ച ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി മൃഗ സംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ വീട്ടിൽ മേരി തങ്കച്ചന്റെ വീട്ടിലെ പഗ് ഇനത്തിൽപ്പെട്ട 'പിക്സി' എന്ന വളർത്തു നായയാണ് കഴിഞ്ഞ ദിവസം ചത്തത്. മേരിയുടെ മകൻ ജസ്റ്റിന് കോടതിയിൽ ഹാജരാകുന്നതിനുള്ള സമൻസുമായി ചെങ്ങമനാട് ഹൗസിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേരിയുടെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടയിൽ പോലിസിന്റെ ദേഹത്തേക്ക് ചാടി വീണ നായയെ തൊട്ടടുത്ത് ഉണ്ടായിരുന്ന മരക്കഷണം ഉപയോഗിച്ച് പോലിസ് ഉദ്യോഗസ്ഥൻ അടിച്ചതിനെ തുടർന്ന് നായ മരണമടയുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരുന്നത്. പിന്നീട് നായയുടെ മൃതദേഹം മേരി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ എറണാകുളം റൂറൽ എസ്.പി കെ. കാർത്തിക്കിന് മേരി പരാതി നൽകിയതിനെ തുടർന്ന് അന്വേഷണ ചുമതല ഡിവൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. ഇതേതുടർന്ന് മേരിയുടെ വീട്ടിലെത്തിയ ഡിവൈ.എസ്.പി ഫ്രിഡ്ജിൽ നിന്നും നായയുടെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്താൻ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടിയെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി ശിവൻകുട്ടി വ്യക്തമാക്കി. മേരിയുടെ മകൻ ജസ്റ്റിൻ കൊലപാതക കേസടക്കം നിരവധി കേസുകളിൽ പ്രതിയാണ്. അത്താണിയിലെ ബാർ ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇയാളെ നെടുമ്പാശ്ശേരി പോലിസ് അറസ്റ്റ് ചെയ്ത വിവരം അറിയാതെയാണ് ചെങ്ങമനാട് പോലിസ് ഇയാളെ തേടി വീട്ടിലെത്തിയത്. ഈ കേസിൽ ജസ്റ്റിൻ റിമാൻഡിലാണ്. സമൻസ് ഒപ്പിട്ടു സ്വീകരിക്കാത്തതിനാൽ ജസ്റ്റിന്റെ വീടിനു മുമ്പിൽ നോട്ടീസ് പതിപ്പിക്കാനാണ് എത്തിയതെന്ന് ചെങ്ങമനാട് പോലിസ് പറഞ്ഞു. മുറ്റത്ത് വച്ച് ഓടിയെത്തിയ നായ ദേഹത്തേക്ക് കയറിയപ്പോൾ പോലിസുകാരൻ കുടഞ്ഞുമാറ്റുകയായിരുന്നുവെന്നാണ് പോലിസ് നൽകിയ വിശദീകരണം. നായയുടെ ശല്യം മൂലം നോട്ടീസ് പതിക്കാൻ കഴിഞ്ഞില്ലെന്നും പോലിസ് പറഞ്ഞു.