ജനീവ- മറ്റു കമ്പനികൾക്ക് കൂടി ഫൈസർ വാക്‌സിൻ ഗുളിക നിർമ്മിക്കാനുള്ള അനുമതി നൽകുമെന്ന് പ്രമുഖ വാക്‌സിൻ നിർമ്മാതാക്കളായ ഫൈസർ കമ്പനി വ്യക്തമാക്കി. ഇതോടെ ലോകത്തെ ദരിദ്ര രാജ്യങ്ങൾക്കും ഈ ഗുളിക കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ഫൈസർ വികസിപ്പിച്ച പാക്സ്ലോവിഡ് എന്ന ഗുളികയാണ് മറ്റ് മരുന്ന് ഉത്പാദകർക്കും നിർമിക്കാൻ അനുമതി നൽകിയത്. ലോകത്തെ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്ന 95 ദരിദ്ര- വികസ്വര രാജ്യങ്ങളിലേക്ക് ഈ ഗുളികകൾ വിതരണം ചെയ്യും. ഈ ഗുളികക്കുള്ള റോയൽറ്റിയും മരുന്ന് ഉത്പാദകരിൽ നിന്ന് ഫൈസർ സ്വീകരിക്കില്ല. ഇതോടെ ഗുളികയുടെ വില വളരെയേറെ കുറയുകയും കൊവിഡ് ചികിത്സയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കപ്പെടുകയും ചെയ്യും. മെഡിസിൻസ് പേറ്റന്റ് പൂൾ (എം.പി.പി) പ്രകാരമുള്ള കരാറിൽ ഫൈസർ ഒപ്പുവെച്ചു. ക്ലിനിക്കൽ പരീക്ഷണം, മറ്റ് അനുമതികൾ എന്നിവക്ക് ശേഷമാകും ഫൈസറിന്റെ ആന്റിവൈറൽ മരുന്നിന് അതത് രാജ്യങ്ങൾ അംഗീകാരം നൽകുക. എച്ച്.ഐ.വി മരുന്നായ റിട്ടോണാവിറിനൊപ്പവും ഫൈസറിന്റെ ഗുളിക കഴിക്കാം.