ലഖ്നൗ- ഉത്തര്‍പ്രദേശിലെ പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഞ്ചരിച്ച വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ഇറക്കിയത് എക്സ്പ്രസ്‌വേയില്‍. സുരക്ഷിതമായി വിമാനം പറന്നിറങ്ങി.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു. ലഖ്നൗവിനെയും ഗാസിപുരിനെയും ബന്ധിപ്പിക്കുന്ന 341 കിലോമീറ്റര്‍ നീളമുള്ള പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 22500 കോടി രൂപ ചെലവിട്ടാണ് ആറുവരി എക്സ്പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്.
2018 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് പാതയുടെ തറക്കല്ലിട്ടത്. പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ കുറഞ്ഞ സമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍ ഈ എക്സ്പ്രസ് വേക്ക് തറക്കല്ലിടുമ്പേള്‍ ഇവിടെ ഒരു വിമാനത്തില്‍ വന്നിറങ്ങാമെന്ന് താനൊരിക്കലും ചിന്തിച്ചിരുന്നില്ല. വെറും തരിശുനിലമായി കിടന്നിരുന്ന സ്ഥലമാണ് ഇപ്പോള്‍ ഒരു ആധുനിക അതിവേഗ പാതയായി മാറിയിരിക്കുന്നത്. ഇതാണ് യു.പിയിലെ ജനങ്ങളുടെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
'രാജ്യത്തിന്റെ വികസനം പോലെ തന്നെ പ്രധാനമാണ് സുരക്ഷയും. അടിയന്തര സാഹചര്യങ്ങളില്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ എങ്ങനെയാണ് ഇന്ത്യന്‍ വ്യോമസേനക്ക് കരുത്താകുന്നതെന്ന് നമുക്ക് കാണാം. നമ്മുടെ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഈ എക്സ്പ്രസ് വേയില്‍ വന്നിറങ്ങും'- പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സഞ്ചരിച്ച ഹെര്‍ക്കുലീസിന് പിന്നാലെ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്സ്പ്രസ് വേയില്‍ പറന്നിറങ്ങി. വ്യോമസേനയുടെ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറി.