Sorry, you need to enable JavaScript to visit this website.

ബെലാറസ്-പോളിഷ് അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം

മിന്‍സ്‌ക്, ബെലാറസ്- ബെലാറസില്‍നിന്ന് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ പോളിഷ് സൈന്യം കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അതിര്‍ത്തി കാക്കുന്ന പോളിഷ് സൈന്യത്തിന് നേരെ കുടിയേറ്റക്കാര്‍ കല്ലുകളും മറ്റ് വസ്തുക്കളും എറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആഴ്ചകളായി, മധ്യപൗരസ്ത്യദേശത്തുനിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നതിനായി ബെലാറസ് അതിര്‍ത്തിയില്‍ ഒത്തുചേരുകയാണ്. യൂറോപ്യന്‍ യൂണിയനെ അസ്ഥിരപ്പെടുത്താന്‍ അതിര്‍ത്തിയിലേക്ക് കുടിയേറ്റക്കാരെ തള്ളിവിടാന്‍ ബെലാറസ് ശ്രമിക്കുന്നതായി ആരോപണമുണ്ട്. എന്നാല്‍ അവര്‍ അത് നിഷേധിക്കുകയാണ്.

ദീര്‍ഘകാല നേതാവ് അലക്സാണ്ടര്‍ ലുകാഷെങ്കോ കഴിഞ്ഞ വര്‍ഷം  നീതിപൂര്‍വകമല്ലാത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വയം വിജയം പ്രഖ്യാപിക്കുകയും ബഹുജന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത് വിയോജിപ്പുകളെ നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചതുമുതല്‍ ഇ.യു-ബെലാറസ് ബന്ധം  വഷളായിരുന്നു.

വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍, യു.എസിനൊപ്പം ബെലാറസിന് ഉപരോധം ഏര്‍പ്പെടുത്തിയതോടെ അതിര്‍ത്തി പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഈ മാസം ഇതുവരെ ബെലാറസില്‍നിന്ന് പോളണ്ടിലേക്ക് അതിര്‍ത്തി കടക്കാന്‍ കുടിയേറ്റക്കാര്‍ 5,000 ത്തിലധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം മുഴുവനും ഇത് 88 മാത്രമായിരുന്നുവെന്ന് പോളിഷ് ബോര്‍ഡര്‍ ഏജന്‍സി പറയുന്നു.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ ബെലാറസിലെ  തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ താല്‍ക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്. സമീപ ദിവസങ്ങളില്‍, വടക്കുപടിഞ്ഞാറന്‍ ബെലാറസിലെ ഗ്രോഡ്നോയുടെ തെക്ക് കുസ്നിക്കയിലെ ഒരു ക്രോസിംഗില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി.

തിങ്കളാഴ്ച, കുടിയേറ്റക്കാരില്‍ പലരും വേലി പൊട്ടിച്ച് അതിര്‍ത്തിയുടെ ബെലാറഷ്യന്‍ ഭാഗത്തുള്ള ക്രോസിംഗില്‍ ഒത്തുകൂടി. പോളിഷ് സൈന്യം അവരെ തടഞ്ഞു, തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ, കുസ്നിക്കയിലെ അതിര്‍ത്തി വേലി ആക്രമിച്ച കുടിയേറ്റക്കാര്‍ക്ക് സൈന്യം മറുപടി നല്‍കിയതായി പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

'കുടിയേറ്റക്കാര്‍ ഞങ്ങളുടെ സൈനികരെയും ഉദ്യോഗസ്ഥരെയും കല്ലുകൊണ്ട് ആക്രമിക്കുകയും വേലി തകര്‍ത്ത് പോളണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെ ആക്രമണം തടയാന്‍ ഞങ്ങളുടെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു' -മന്ത്രാലയം ട്വീറ്റ് ചെയ്തു.

 

Latest News