- ശ്രീനഗറിൽ ഏറ്റുമുട്ടൽ തുടരുന്നു
- ഒരു സൈനികനും രണ്ട് ഭീകരരും മരിച്ചു
ഇസ്‌ലാമാബാദ്- ഇന്ത്യ എന്തെങ്കിലും ദുസ്സാഹസം കാട്ടിയാൽ അതേ നാണയത്തിൽ മറുപടി നൽകുമെന്ന് പാക്കിസ്ഥാൻ. പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയിലെ സ്വരം പ്രതിഷേധാർഹമാണെന്നും പാക് പ്രതിരോധ മന്ത്രി ഖുർറം ദസ്തഗീർ ഖാൻ പ്രതികരിച്ചു. പാക്കിസ്ഥാനെതിരായ ഏത് ആക്രമണത്തേയും വിജയകരമായി ചെറുക്കാൻ സൈന്യം സജ്ജമാണ്.
ആറ് സൈനികരുടെ മരണത്തിനിടയാക്കിയ സുൻജുവാൻ സൈനിക ക്യാമ്പ് ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്നും അതിന് അവർ വിലയൊടുക്കേണ്ടിവരുമെന്നുമുള്ള പ്രതിരോധ മന്ത്രിയുടെ പ്രസ്താവനക്കാണ് പാക്കിസ്ഥാന്റെ മറുപടി. ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്ന തെളിവില്ലാത്ത നുണ ഇന്ത്യ ആവർത്തിക്കുകയാണെന്ന് പാക് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിലവിട്ട നടപടികൾക്ക് അതേ നാണയത്തിൽ വില തിരിച്ചുനൽകാൻ പാക്കിസ്ഥാന് കഴിയും.
തെളിവുകൾ നൽകാതെ പാക്കിസ്ഥാനെതിരെ ആരോപണമുന്നയിക്കുന്നതിന് പകരം പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന ചാരവൃത്തിക്ക് ഉത്തരം നൽകുകയാണ് ചെയ്യേണ്ടതെന്ന് കുൽഭൂഷൺ കേസ് സൂചിപ്പിച്ച് പാക് മന്ത്രി പറഞ്ഞു.
രാജ്യത്തെ പ്രതിരോധിക്കാൻ പാക് സൈന്യം പൂർണ സജ്ജമാണ്. ഇന്ത്യയുടെ ഏത് ആക്രമണവും അതിന്റെ വ്യാപ്തിയോ സ്ഥലമോ രീതിയോ എന്താണെങ്കിലും വലിയ അബദ്ധവും തന്ത്രപരമായ പിഴവുമായിരിക്കും. തുല്യമായ രീതിയിൽ ഞങ്ങൾ തിരിച്ചടിക്കും -ഖാൻ പ്രസ്താവനയിൽ പറഞ്ഞു.
തുടർച്ചയായി ഒരു തെളിവുമില്ലാതെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യൻ പ്രവണത ഖേദകരമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പക്വതയില്ലാത്തതും അനവസരത്തിലുള്ളതുമാണ് ഇന്ത്യയുടെ ആരോപണം. സൈനിക നടപടി തുടരുകയാണെന്നും അന്വേഷണം ആരംഭിച്ചെന്നും പറയുമ്പോൾ തന്നെയാണ് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്.
അതേസമയം, ശ്രീനഗറിലെ കരൻ നഗറിൽ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ച ഭീകരരെ കീഴടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 28 മണിക്കൂർ നീണ്ട തുടർച്ചയായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഒരു സി.ആർ.പി.എഫ് ജവാനും കൊല്ലപ്പെട്ടു.
ക്യാമ്പിന് സമീപമുള്ള ഒറ്റപ്പെട്ട ഒരു വീടാണ് ഭീകരർ താവളമാക്കിയിരിക്കുന്നത്.
പാക് ലഷ്‌കറെ ഭീകരൻ പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ ആശുപത്രിക്ക് സമീപമാണ് ഈ വീട്. സി.ആർ.പി.എഫ് ക്യാമ്പിലേക്ക് അതിക്രമിച്ചു കയറാനുള്ള ശ്രമം വിഫലമായതോടെ അവർ ഈ വീട്ടിൽ കയറിക്കൂടുകയായിരുന്നു. അന്തിമ ആക്രമണത്തിന് കച്ചകെട്ടുകയാണെന്ന് സി.ആർ.പി.എഫ് വൃത്തങ്ങൾ പറഞ്ഞു. ചുറ്റുമുള്ള ഭാഗത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.