ഉഗാണ്ടന്‍ തലസ്ഥാനത്ത് ചാവേര്‍ ആക്രമണം, മൂന്നു മരണം

-സ്‌ഫോടനം നടന്നത് പാര്‍ലമെന്റ് മന്ദിരത്തിനും പോലീസ് ആസ്ഥാനത്തിനും സമീപം

കംപാല- ഉഗാണ്ടന്‍ തലസ്ഥാനമായ കംപാലയിലുണ്ടായ ചാവേറാക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പാര്‍ലമെന്റിനും നഗരത്തിലെ പോലീസ് ആസ്ഥാനത്തിനും സമീപം മോട്ടോര്‍ ബൈക്കുകളിലെത്തിയ മൂന്ന് അക്രമികള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തില്‍ ശരീരഭാഗങ്ങള്‍ തെരുവില്‍ ചിന്നിച്ചിതറിയ നിലയിലാണ്. മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്. ഡിആര്‍ കോംഗോ ആസ്ഥാനമായുള്ള സായുധ സംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എ.ഡി.എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്ന് മിനിറ്റിനുള്ളിലാണ് സ്‌ഫോടനം നടന്നത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

'ബോംബ് ഭീഷണി ഇപ്പോഴും സജീവമാണ്, പ്രത്യേകിച്ച് ചാവേര്‍ ആക്രമണകാരികളില്‍ നിന്ന്- പോലീസ് വക്താവ് ഫ്രെഡ് എനംഗ പറഞ്ഞു.
'ഈ ആഭ്യന്തര ഭീകര സെല്ലുകളില്‍, പ്രത്യേകിച്ച് എ.ഡി.എഫ് സൃഷ്ടിച്ച ചാവേര്‍ ബോംബ് സ്‌ക്വാഡില്‍ ഇനിയും കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'

സ്ഫോടനത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റു,  അഞ്ച് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവെക്കുകയും എം.പിമാര്‍ മന്ദിരത്തിലേക്ക് വരരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

പാര്‍ലമെന്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് തീപിടിച്ചു, പോലീസ് സ്റ്റേഷനു സമീപമുള്ള സ്ഫോടനത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. 'വലിയ തോക്കില്‍ നിന്ന് വരുന്ന പോലുള്ള വന്‍ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. നിലം കുലുങ്ങി, എന്റെ ചെവി പൊട്ടിപ്പോയി-  പാര്‍ലമെന്റിന് സമീപമുള്ള ബാങ്കിലെ കാവല്‍ക്കാരനായ പീറ്റര്‍ ഒലുപോട്ട് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

എ.ഡി.എഫുമായി ബന്ധമുള്ള 'ആഭ്യന്തര ഭീകര സംഘടന'യാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉഗാണ്ടയുടെ ദീര്‍ഘകാല പ്രസിഡന്റായിരുന്ന യോവേരി മുസെവേനിക്കെതിരെ 1990-കളുടെ അവസാനത്തിലാണ് ഈ സംഘം രൂപീകരിച്ചത്. കഴിഞ്ഞ ദശകത്തില്‍ അതിന്റെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ്  അവകാശപ്പെടാന്‍ തുടങ്ങിയതോടെ വീണ്ടും സജീവമാകുകയായിരുന്നു.

കഴിഞ്ഞ മാസം കംപാലയിലെ ബാറില്‍ 20 കാരിയായ പരിചാരികയെ കൊലപ്പെടുത്തിയതിന് പിന്നില്‍ തങ്ങളാണെന്ന് എ.ഡി.എഫ് പറഞ്ഞിരുന്നു.

 

Latest News