Sorry, you need to enable JavaScript to visit this website.

ശ്രീനഗറില്‍ 2 ബിസിനസുകാരെ ഏറ്റുമുട്ടലില്‍ കൊന്നു; ഭീകരരെ പിന്തുണച്ചവരെന്ന് പോലീസ്

ശ്രീനഗര്‍- സുരക്ഷാ സേന ശ്രീനഗറില്‍ നടത്തിയ ഏറ്റുമുട്ടലില്‍ നാലു പേരെ കൊന്നു. ഇവരില്‍ രണ്ടു പേര്‍ ഭീകരരാണെന്നും രണ്ടു പേര്‍ ഭീകരരെ പിന്തുണയ്ക്കുന്ന ബിസിനസുകാരാണെന്നും പോലീസ് പറയുന്നു. ഹൈദര്‍പോറയിലെ ഒരു കംപ്യൂട്ടര്‍ സെന്റര്‍ ഉടമയായ ഡോ. മുദസിര്‍ ഗുല്‍, ഹാര്‍ഡ് വെയര്‍, സിമന്റ് ഷോപ്പ് നടത്തിപ്പുകാരനായ അല്‍താഫ് ഭട്ട് എന്നീ ബിസിനസുകാരെയാണ് വെടിവച്ചു കൊന്നത്. ഇവര്‍ ഭീകരരെ സഹായിച്ചുവെന്നാണ് പോലീസ് വാദം. അതേസമയം ഈ ഏറ്റുമുട്ടലില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

രണ്ടു ബിസിനസുകാരും കൊല്ലപ്പെട്ടത് സുരക്ഷാ സേനയുടെ വെടിയേറ്റാണ്. എന്നാല്‍ ഭീകരരുടെ വെടിയേറ്റാണ് മരിച്ചതാണെന്നും ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ടതാണെന്നും പറയാന്‍ പോലീസ് നിര്‍ബന്ധിക്കുകയാണെന്നും അവരുടെ കുടുംബങ്ങള്‍ ആരോപിച്ചു. ആചാര പ്രകരാം സംസ്‌കരിക്കാന്‍ ഇവരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ക്രമസമാധാനം പ്രശ്‌നം ചൂണ്ടിക്കാട്ടി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് പോലീസ് പറഞ്ഞു. നാലു മൃതദേഹങ്ങളും ശ്രീനഗറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഹന്ദ്‌വാരയില്‍ സംസ്‌കരിച്ചുവെന്നും പോലീസ് അറിയിച്ചു. 

നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചമായി ഉപയാഗിച്ച് അവരെ ഏറ്റുമുട്ടലില്‍ കൊല്ലുകയും അവരെ ഭീകരരെ സഹായിക്കുന്നവരെ മുദ്രകുത്തുകയും ചെയ്യുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ പതിവു രീതിയായി മാറിയിരിക്കുകയാണ്. ഈ വ്യാപക തടിയൂരല്‍ നടപടി അവസാനിപ്പിക്കാനും സത്യം പുറത്തു കൊണ്ടു വരാനും വിശ്വസനീയമായ ജുഡീഷ്യല്‍ അന്വേഷണം നടക്കേണ്ടതുണ്ട്- മെഹബുബ പറഞ്ഞു.
 

Latest News