ന്യൂദല്‍ഹി- സ്വവര്‍ഗാനുരാഗി ആണെന്ന് പരസ്യമായി പ്രഖ്യാപിച്ച മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കൃപാലിനെ ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഈ നിയമനം അംഗീകരിച്ചാല്‍ ഇന്ത്യയിലെ കോടതി ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗിയായ ജഡ്ജിയായി സൗരഭ് കൃപാല്‍ എത്തും. 2002ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഭുപിന്ദര്‍ നാഥ് കൃപാലിന്റെ മകനാണ് സൗരഭ്. ബ്രിട്ടനിലെ ഓക്‌സ്‌ഫൊഡ്, കാംബ്രിജ് സര്‍വകലാശാലകളില്‍ ആയിരുന്നു നിയമ പഠനം. രണ്ടു പതിറ്റാണ്ടിലേറെയായി അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് സൗരഭ് കൃപാലിന് മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി ലഭിച്ചത്.
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ച കേസില്‍ ഹര്‍ജിക്കാരായ സുനില്‍ മെഹ്‌റ, നവ്‌തേജ് സിങ് ജോഹര്‍ എന്നിവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരുടെ സംഘത്തിലും സൗരഭ് കൃപാല്‍ ഉണ്ടായിരുന്നു. ജസ്റ്റിസ് ഗിതാ മിത്തലിന്റെ നേതൃത്വത്തിലുള്ള ദല്‍ഹി ഹൈക്കോടതി കൊളീജിയം 2017ല്‍ സൗരഭ് കൃപാലിന്റെ പേര് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി കൊളീജിയം 2018ലാണ് ആദ്യമായി സൗരഭ് കൃപാലിന്റെ പേര് ഹൈക്കോടതി ജഡ്ജി പദവിയിലേക്ക് പരിഗണനയ്ക്ക് എടുത്തത്. ഇതിനു ശേഷം 2019 ജനുവരിയിലും ഏപ്രിലിലും 2020 ഓഗസ്റ്റിലും സൗരഭ് കൃപാലിന്റെ പേര് നിര്‍ദേശിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗത്തിന്റെ പേരിലാണ് സൗരഭിന്റെ പേര് നിര്‍ദേശിക്കാതെ കൊളീജിയം മാറ്റിവെക്കുന്നതെന്ന് നിയമ വൃത്തങ്ങളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിത പങ്കാളി യൂറോപ്പുകാരനാണെന്നും സ്വിസ് എംബസിയില്‍ ജോലി ചെയ്യുന്ന ആളാണെന്നതും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരും സൗരഭ് കൃപാലിന്റെ നിയമന തീരുമാനം നീട്ടിയിരിക്കുകയാണ്.