മക്ക - ബിനാമി ബിസിനസ് സംശയിച്ച് മക്കയിൽ വിവിധ വകുപ്പുകൾ സംയുക്തമായി ശക്തമായ പരിശോധനകൾ നടത്തി. മക്ക പ്രവിശ്യ വാണിജ്യ മന്ത്രാലയ ശാഖക്കു കീഴിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി രൂപീകരിച്ച ബിനാമി ബിസിനസ് വിരുദ്ധ സംഘമാണ് പരിശോധനകൾ നടത്തിയത്. ബിനാമി ബിസിനസ് പ്രവണത കൂടുതലാണെന്ന് സംശയിക്കുന്ന ബിസിനസ് മേഖലകളിലും സൂഖുകളിലുമായിരുന്നു പരിശോധനകൾ.
വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സംയുക്ത സംഘമാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയത്. വ്യാപാര സ്ഥാപനങ്ങളിൽ മാത്രമല്ല, നിക്ഷേപ, സേവന, വ്യവസായ, കാർഷിക, പ്രൊഫഷനൽ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെല്ലാം ബിനാമി ബിസിനസ് സംശയിച്ച് പരിശോധനകൾ നടത്തുന്നുണ്ട്.