ന്യൂദല്‍ഹി- കോവിഡ് 19 വാക്‌സിനുകളുടെ ഫലപ്രാപ്തി ഒരു വര്‍ഷമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിനേഷന്‍ വര്‍ധിച്ചത് കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കുറച്ചതായും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍ അവകാശപ്പെട്ടു.
പടിഞ്ഞാറന്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും മരണങ്ങളില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല.
അണുബാധകളും മരണങ്ങളും തമ്മില്‍ വലിയ വ്യത്യാസമാണ് കാണുന്നത്. കോവിഡ് കാരണം ആരോഗ്യനില വഷളാകാന്‍ സാധ്യതയുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഏതാണ്ട് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നടത്തിയതിനാലാണിത്.
മുതിര്‍ന്നവരില്‍ വാക്‌സിനേഷന്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ പ്രതിരോധശേഷി നിലനിര്‍ത്തുമെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
കോവാക്‌സിന്റെ അടിയന്തര അനുമതി വൈകിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റവും കൂടുതല്‍ സമയമെടുത്ത വാക്‌സിനല്ല ഇതെന്നും ശാസ്ത്രീയവും സാങ്കേതികവുമായ പ്രക്രിയകളെ മാനിക്കേണ്ടതുണ്ടെന്നും അവര്‍ മറുപടി നല്‍കി.
ആഴ്ചകളുടെ കാത്തരിപ്പിനുശേഷം ഈ മാസം മൂന്നിനാണ് കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.