യാങ്കൂണ്‍- മൂന്ന് ദിവസം മുമ്പ് സൈനിക കോടതി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ച യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്റ്ററിനെ മ്യാന്‍മറിലെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. 'മാനുഷിക കാരണങ്ങളാല്‍' മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന് 'മാപ്പ്' നല്‍കിയതായി സൈനിക സര്‍ക്കാര്‍ അറിയിച്ചു.
യു.എന്നിലെ മുന്‍ യു.എസ് അംബാസഡര്‍ ബില്‍ റിച്ചാര്‍ഡ്സണും ജുണ്ടയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് മോചനം നേടിയത്. അദ്ദേഹം മ്യാന്‍മറില്‍നിന്ന് വിമാനത്തില്‍ പുറപ്പെട്ടതായി ഫെന്‍സ്റ്ററിന്റെ തൊഴിലുടമ ഫ്രോണ്ടിയര്‍ മ്യാന്‍മര്‍ പറഞ്ഞു.
ഇംഗ്ലീഷ് ഭാഷയിലുള്ള വാര്‍ത്താ സൈറ്റിന്റെ മാനേജിംഗ് എഡിറ്ററായിരുന്ന ഫെന്‍സ്റ്റര്‍, ഇമിഗ്രേഷന്‍ നിയമം ലംഘിച്ചതിനും നിയമവിരുദ്ധമായ കൂട്ടുകെട്ടിനും സൈന്യത്തിനെതിരായ വിയോജിപ്പുകളെ പ്രോത്സാഹിപ്പിച്ചതിനുമാണ് ശിക്ഷിക്കപ്പെട്ടത്.
രാജ്യദ്രോഹം, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ആരോപിച്ച് വിചാരണ നേരിടേണ്ടി വന്നിരുന്നു.