പോർട് എലിസബത്ത് - നാലാം മത്സരത്തിൽ കനത്ത പ്രഹരമേറ്റ സ്പിന്നർമാർ ശക്തമായി തിരിച്ചടിച്ചതോടെ അഞ്ചാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിൽ 70 റൺസിന്റെ ഉശിരൻ വിജയം സ്വന്തമാക്കിയ ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ പരമ്പര നേടി. ഒരു മത്സരം ശേഷിക്കെ ഇന്ത്യക്ക് 4-1 ലീഡായി. രോഹിത് ശർമയുടെ സെഞ്ചുറിയോടെ (126 പന്തിൽ 115) ഇന്ത്യ നേടിയ ഏഴിന് 271 നെതിരെ 42.2 ഓവറിൽ ദക്ഷിണാഫ്രിക്ക 201 ന് പുറത്തായി. ഹാശിം അംലയും (71) ഹെയ്ൻറിഷ് ക്ലാസനും (39) ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നൽകിയെങ്കിലും ഹാർദിക് പാണ്ഡ്യയും (2-30) സ്പിന്നർമാരായ കുൽദീപ് യാദവ് (4-57) യുസ്വേന്ദ്ര ചഹൽ (2-43) ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി.
മുപ്പത്തഞ്ചാം ഓവറിൽ സ്കോർ നാലിന് 166 ലെത്തി നിൽക്കെ ഹാർദിക്കിന്റെ നേരിട്ടുള്ള ഏറിൽ ഹാശിം തലനാരിഴക്ക് റണ്ണൗട്ടായതോടെയാണ് കളി തിരിഞ്ഞത്. പിന്നീട് സ്പിന്നർമാർ ദക്ഷിണാഫ്രിക്കയെ വാരി. 35 റൺസിനിടെ അവർക്ക് അവസാന ആറ് വിക്കറ്റ് നഷ്ടപ്പെട്ടു. നേരത്തെ എബി ഡിവിലിയേഴ്സിന്റെ (6) വിലപ്പെട്ട വിക്കറ്റും ഹാർദിക്കാണ് സ്വന്തമാക്കിയത്.
ഇന്ത്യ നന്നായി തുടങ്ങിയ ശേഷമാണ് 271 ലൊതുങ്ങിയത്. അവസാന ഇരുപതോവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുക്കാനേ ഇന്ത്യക്ക് സാധിച്ചുള്ളൂ. രോഹിതും ശിഖർ ധവാനും (23 പന്തിൽ 34) നൽകിയ ഉജ്വല തുടക്കം മുതലാക്കുന്നതിൽ ഒരിക്കൽ കൂടി മധ്യനിര പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ കന്നി സെഞ്ചുറി നേടിയെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും (54 പന്തിൽ 36) അജിൻക്യ രഹാനെയുടെയും (8) റണ്ണൗട്ടിന് രോഹിത് കാരണക്കാരനായി.
ഹാശിം അംല... വിഫലമായ പോരാട്ടം
ഈ പരമ്പരയിൽ കോഹ്ലിയുടെ കുറഞ്ഞ സ്കോറാണ് ഇത്. അതേസമയം മൂന്നാം തവണ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന രോഹിത് ആദ്യമായാണ് അവിടെ പ്രധാന ഇന്നിംഗ്സ് കളിക്കുന്നത്. ടെസ്റ്റും നിശ്ചിത ഓവർ മത്സരങ്ങളുമായി ദക്ഷിണാഫ്രിക്കയിൽ കളിച്ച 19 ഇന്നിംഗ്സുകളിൽ ഉയർന്ന സ്കോർ ഇതുവരെ 47 ആയിരുന്നു. ശ്രേയസ് അയ്യർ (37 പന്തിൽ 30) മാത്രമാണ് മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. അവസാന എട്ടോവറിൽ ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടപ്പെട്ടു.
തുടർച്ചയായ പന്തുകളിൽ രോഹിതിന്റെയും ഹാർദിക് പാണ്ഡ്യയുടേതുമുൾപ്പെടെ (0) പെയ്സ്ബൗളർ ലുൻഗി എൻഗിഡി നാലു വിക്കറ്റെടുത്തു. രോഹിതിന്റെ പതിനേഴാം സെഞ്ചുറിയാണ് ഇത്.
രോഹിതിനെ സാഹസിക സിംഗിളിന് വിളിച്ച കോഹ്ലി അപ്പുറത്തെത്തുമ്പോഴേക്കും ഡുമിനിയുടെ ഏറ് സ്റ്റമ്പ് തെറിപ്പിച്ചിരുന്നു. ഒന്ന് മുന്നോട്ടാഞ്ഞ രോഹിത് അപ്പോഴേക്കും ക്രീസിലേക്ക് പിൻവാങ്ങിയിരുന്നു. രഹാനെ ഓടി അപ്പുറത്തെത്തിയപ്പോഴാണ് രോഹിതിന് സിംഗിളെടുക്കാൻ താൽപര്യമില്ലെന്ന് മനസ്സിലാവുന്നത്. 96 ലുള്ളപ്പോൾ രോഹിത് നൽകിയ അനായാസ അവസരം തേഡ്മാനിൽ തബ്രൈസ് ഷംസി പാഴാക്കി.