കോഴിക്കോട്- താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഇന്നലെ അറസ്റ്റ് ചെയ്ത റോഷനെ ഇന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ മർദിച്ചുവെന്ന റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരെ കേസെടുത്തു. നായ്ക്കളുടെ ഉടമയാണ് റോഷൻ.
നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് ഉടമയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടുണ്ട്.
യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലാ കലക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.