ചെന്നൈ- ജയ് ഭീം സിനിമയിൽ അപമാനിച്ചുവെന്നും അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകാതെ നടനും നിർമാതാവുമായ സൂര്യയെ റോഡിലിറങ്ങാൻ അനുവദിക്കില്ലെന്നും വണ്ണിയാർ സമുദായ നേതാക്കൾ. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത് സൂര്യ നിർമിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രത്തിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം.
സൂര്യ, ജ്യോതിക, സംവിധായകൻ ടി.ജെ. ജ്ഞാനവേൽ, ആമസോൺ പ്രൈം വീഡിയോ എന്നിവർ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വണ്ണിയാർ സമുദായം വക്കീൽ നോട്ടീസ് അയച്ചു.
സമുദായത്തിന്റെ നേതാവിന്റെ പേര് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന് ഉപയോഗിച്ചെന്നും ഇതിലൂടെ വണ്ണിയാർ സമുദായത്തെ അപമാനിക്കുകയായിരുന്നെന്നും വണ്ണിയാർ സമുദായ നേതാവ് അരുൾമൊഴി പറഞ്ഞു. മാപ്പു പറഞ്ഞ് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും അരുൾമൊഴി പറഞ്ഞു. സൂര്യയെ പരസ്യമായി ചവിട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പട്ടാണി മക്കൽ കച്ചിയും വാഗ്ദാനം നൽകി.