ന്യൂദല്‍ഹി-ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പത്മശ്രീ ബഹുമതി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് രാംനാഥ് കോവിന്ദിന് കത്തയച്ച് ദല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍. ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചത് 2014 ലാണെന്ന കങ്കണയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് വനിത കമ്മീഷന്റെ നടപടി. മഹാത്മാഗാന്ധിയുടെയും ഭഗത് സിംഗിന്റെയും രക്തസാക്ഷിത്വത്തെയും ആയിരക്കണക്കിന് ആളുകളുടെ ത്യാഗത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തെയും അനാദരിച്ച കങ്കണക്ക് അവാര്‍ഡ് അല്ല നല്‍കേണ്ടത് മറിച്ച് ചികിത്സയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
കങ്കണക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നും ഇത് ഒരു അബദ്ധമായി കാണാനാകില്ല, സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്നത് പതിവാണെന്നും സ്വാതി മാലിവാള്‍ പറഞ്ഞു. 1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014ലാണ്' എന്നാണ് കങ്കണ പറഞ്ഞത്.സവര്‍ക്കറുള്‍പ്പെടെയുള്ളവരാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടാന്‍ വേണ്ടി പൊരുതിയവരെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.