റിയാദ്- രാജ്യത്ത് പലയിടങ്ങളിലായി മഴ കനത്ത സാഹചര്യത്തില്‍ അതിവേഗം വെള്ളം നിറയാനിടയുള്ള താഴ്വാരങ്ങളിലൂടെയും മലഞ്ചെരിവുകളിലൂടെയും വാഹനമോടിക്കുന്നതിനെതിരെ സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഗുരുതരമായ ഗതാഗത ലംഘനമായിട്ടാണ് ഇത്തരം ചെയ്തിയെ കണക്കാക്കുക. നിയമ ലംഘകര്‍ക്കെതിരെ 5,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി.
ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും നേരിയ തോതിലോ ശക്തമായോ മഴ പെയ്യാനും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗം ജാഗ്രത നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്.