ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍.
ഇന്ത്യയില്‍ കോവിഡ് ഭീതി കുറയുകയും ലോകം വീണ്ടും യാത്രകള്‍ക്കായി തുറക്കുകയും ചെയ്തിരിക്കെയാണ് വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി എയര്‍ ബബിള്‍ കരാറുകള്‍ പ്രകാരമെങ്കിലും കൂടുതല്‍ വിമാനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമം. ഇതിനായി ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികളുമായും മറ്റ് രാജ്യങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള എയര്‍ ബബിള്‍ ക്രമീകരണത്തിലാണ് നിലവില്‍ ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ തുടരുന്നത്. ചില നിബന്ധനകള്‍ക്ക് വിധേയമായാണ് കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത്.
വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിമാനങ്ങളുടെ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
ദുബായ്, സിംഗപ്പൂര്‍, ഫ്രാന്‍സ്, യു.കെ, യുഎസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഖത്തര്‍, സൗദി അറേബ്യ, ജര്‍മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എല്ലാ രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങള്‍ തമ്മില്‍ ഇതിനായി നിരന്തരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യാത്രക്കാരുള്ളിടത്തെല്ലാം എയര്‍ ബബിള്‍ കരാറുകള്‍ക്ക് കീഴില്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും വര്‍ദ്ധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കരാര്‍ പ്രകാരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാരിന് അധികം സമയം വേണ്ട.
കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ യാത്ര വിമാനങ്ങള്‍ സാധാരണ നിലയിലാക്കുന്നത് സുരക്ഷിതമാണോ എന്ന് നിര്‍ണയിക്കാന്‍ അന്താരാഷ്ട്ര യാത്രക്കാരുടെയും കോവിഡ് കേസുകളുടെയും ഡേറ്റ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കുന്നതിനുു പുറമെ, കോവിഡ് കേസുകളൊന്നും ശ്രദ്ധയില്‍ പെടാതെ പോകുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണ് ഡേറ്റ ശേഖരണം.
156 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇപ്പോള്‍ ഇ-വിസ ലഭ്യമാണ്.
2022 മാര്‍ച്ച് 31 വരെ അഞ്ച് ലക്ഷം യാത്രക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ നല്‍കുന്ന പദ്ധതി 2021 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപിച്ചതിനു തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയത്. വിമാനങ്ങള്‍ക്കുള്ള താല്‍ക്കാലിക വിലക്ക് നിലവില്‍ നവംബര്‍ 30 വരെയാണെങ്കിലും നീട്ടുമെന്ന് തന്നെയാണ് ലഭ്യമായ സൂചന.
യുഎസ്, യു.കെ, ജര്‍മ്മനി, ജപ്പാന്‍, യു.എ.ഇ എന്നിവയുള്‍പ്പെടെ 25 ലധികം രാജ്യങ്ങളുമായി ഇന്ത്യക്ക് നിലവില്‍ എയര്‍ ബബിള്‍ ക്രമീകരണങ്ങളുണ്ട്.