ജിദ്ദ - തായിഫിനു സമീപം ബനീസഅദിലെ അനുഗ്രഹം തേടൽ മരം അധികൃതർ മുറിച്ചൊഴിവാക്കി. മലയാളികളടക്കം നിരവധി ഉംറ തീർത്ഥാടകർ തായിഫിന് സമീപമുള്ള ബനീ സഅദിലെ ഒരു മരത്തിന് സമീപത്ത്‌നിന്ന് അനുഗ്രഹം തേടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മലയാളി ഉംറ തീർത്ഥാടകർ കൂടുതലായുള്ള വീഡിയോ ദൃശ്യം നിരവധി അറബി വെബ്‌സൈറ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഉംറ സംഘത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് മരവും കല്ലുകളും അടക്കമുള്ള ഈ അടയാളങ്ങൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്. താഇഫിലെ മീസാൻ പ്രവിശ്യയിലെ ബനൂ സഅദിലെ നാല് സ്ഥലങ്ങളിൽ നിന്നും ഇവ നീക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ പുണ്യകേന്ദ്രമെന്നോണം ബനീസഅദിലേക്ക് പ്രവഹിക്കുന്നതും ഇവിടുത്തെ മരത്തിൽ നിന്നും കല്ലുകളിൽ നിന്നും അനുഗ്രഹം തേടുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. പ്രവാചകൻ മുഹമ്മദ് നബിയെ പാലൂട്ടി വളർത്തിയ ഹലീമ ബീവിയുടെ നാടാണ് ഇത്. തായിഫിൽ നിന്ന് 75 കിലോമീറ്റർ ദൂരെയാണ് ബനീസഅദ്.
ബനീസഅദിലെ മരത്തിൽ സ്പർശിച്ചും ചുംബിച്ചും തീർഥാടകർ അനുഗ്രഹം തേടുന്നതിന്റെയും അനുഗ്രഹം തേടുന്നതിന് ഇവിടുത്തെ കല്ലുകൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിംഗുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വൻ പോലീസ് സേനയുടെ സാന്നിധ്യത്തിൽ കൂറ്റൻ ബുൾഡോസർ ഉപയോഗിച്ചാണ് മരവും മറ്റു അടയാളങ്ങളും അധികൃതർ നീക്കം ചെയ്തത്.
ഉംറ തീർഥാടകർ മരത്തിൽനിന്ന് ബർക്കത്തെടുക്കുന്നു
ഉംറ തീർഥാടകർ ബർക്കത്തെടുത്ത മരം അധികൃതർ നീക്കം ചെയ്യുന്നു