കൊച്ചി- എറണാകുളം കളമശേരിയില്‍ കനത്ത മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ലോറി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജാണ് (71) മരിച്ചത്.
കളമശേരി പ്രീമിയര്‍ ജംഗ്ഷനില്‍ നിന്ന് കണ്ടെയ്നര്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ലോറി നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയ ഉടന്‍ മണ്ണിടിയുകയായിരുന്നു. കളമശേരി കണ്ടെയ്നര്‍ റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവറായ തങ്കരാജ് മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. മണ്ണിടിച്ചിലില്‍ വലിയ കല്ല് ഇയാളുടെ ദേഹത്തേക്ക് പതിച്ചതാണ് മരണകാരണം.
സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറികളിലെ ജീവനക്കാരും വിവരമറിഞ്ഞെത്തിയ പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് തങ്കരാജിനെ മണ്ണിനടിയില്‍നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നോര്‍ത്ത് പറവൂരില്‍ പഴകിയ കെട്ടിടം മഴയില്‍ തകര്‍ന്ന് റോഡിലൂടെ പോകുകയായിരുന്ന മത്സ്യം കയറ്റിയ വാഹനത്തിലേക്ക് വീണു. വാഹനത്തിന് കേടുപറ്റിയെങ്കിലും ആളപായമില്ല.