അഹമ്മദാബാദ്- കാമുകനൊപ്പം ഒളിച്ചോടിയതിനുള്ള ശിക്ഷയായി ഗുജറാത്തിലെ പാടാന്‍ പ്രദേശത്തെ ഹരാജി ഗ്രാമത്തില്‍ നാട്ടുകാര്‍ ഒരു സ്ത്രീയുടെ മുഖത്തു കറുത്ത ചായം പൂശുകയും തല മൊട്ടയടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. വീഡിയോയില്‍ പ്രചരിക്കുന്ന ദൃശ്യം വൈറലായിരിക്കുകയാണ്.
വാദി ഗോത്രത്തില്‍ പെട്ടവരാണ് ഇവിടത്തെ ഗ്രാമവാസികള്‍. പെണ്‍കുട്ടിയുടെ പ്രവൃത്തി സമുദായനിയമങ്ങളുടെ ലംഘനമായി കണക്കാക്കിയാണ് ശിക്ഷ നടപ്പാക്കിയത്.
സ്ത്രീ കരയുന്നതും വിട്ടയയ്ക്കാന്‍ ഗ്രാമവാസികളോട് തീവ്രമായി അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷേ അവളുടെ അപേക്ഷകള്‍ ബധിര കര്‍ണങ്ങളിലാണ് വീണത്. നിലവിളിക്കിടെ പുരുഷന്മാര്‍ അവളുടെ മുഖത്ത് മഷി പുരട്ടുന്നത് കാണാം.
യുവതി കാമുകനൊപ്പം ഒളിച്ചോടിയതില്‍ ഗ്രാമവാസികള്‍ അസ്വസ്ഥരായിരുന്നു. അവളുടെ പ്രവൃത്തി ഗോത്രത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് കരുതിയാണ് ശിക്ഷിക്കാന്‍ തീരുമാനിച്ചത്.
വിവരം ലഭിച്ചയുടന്‍ ജില്ലാ ഭരണകൂടം ഇടപെടുകയും സംഭവസ്ഥലത്തെത്തിയ പോലീസ് 15 പേരെ പിടികൂടുകയും ചെയ്തു.