കായൽ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി കിഴക്കിന്റെ വെനീസിൽ നിരീക്ഷണ ക്യാമറകളെത്തുന്നു. ഹൗസ് ബോട്ടിൽ കായൽ ചുറ്റാനെത്തുന്നവരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ആലപ്പുഴ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നഗരത്തിലെ 35 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചത്. കോടതി പാലം മുതൽ പുന്നമട ഫിനിഷിംഗ് പോയന്റ് വരെയാണ് ആദ്യഘട്ടത്തിൽ ക്യാമറ വെയ്ക്കുന്നത്. സ്വദേശി-വിദേശ സഞ്ചാരികളെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും ഇടനിലക്കാർ റോഡിൽ തമ്പടിക്കുന്നു. നിത്യേന നിരവധി പരാതികളാണ് ആലപ്പുഴയിലെ സ്റ്റേഷനുകളിലെത്തുന്നത്. പലപ്പോഴും സഞ്ചാരികളെ പിടിക്കാൻ പല ഗ്രൂപ്പുകൾ ശ്രമിക്കുമ്പോൾ റോഡിൽ വാക്കുതർക്കവും തമ്മിൽത്തല്ലും അരങ്ങേറുന്നു. സഞ്ചാരികളിൽ നിന്ന് വൻതുക ഈടാക്കുന്ന ഇടനിലക്കാർ സൗകര്യങ്ങൾ കുറഞ്ഞ ബോട്ടിലാണ് കായലിലേക്ക് വിടുന്നത്. ശവക്കോട്ടപ്പാലം മുതൽ പുന്നമട വരെയും ബോട്ടുജെട്ടി മുതൽ പള്ളാത്തുരുത്തി വരെയും ഇടനിലക്കാർ തമ്പടിച്ചിരിക്കുന്നു. രണ്ടു ഘട്ടങ്ങളിലായാണ് ഇവിടങ്ങളിൽ ക്യാമറ വെക്കുന്നത്.