തണുപ്പും സൗന്ദര്യവും മൂന്നാറിന്റെ കുത്തകയാണെന്ന് കരുതിയെങ്കിൽ തെറ്റി. കണ്ണൂരിനുമുണ്ട് മൂന്നാറിനെപ്പോലെ സുന്ദരമായൊരു ഇടം. അതാണ് പൈതൽ മല. കാട് കാണണോ…പ്രകൃതിയുടെ സൗന്ദര്യമറിയണോ…എങ്കിൽ ഇവിടേക്ക് വരൂ. മേഘങ്ങൾ ഭൂമിയെ ചുംബിക്കുന്ന പർവത നിരയിലേക്ക്, പൈതൽ മലയിലേക്ക്. …
കോടമഞ്ഞു കലർന്ന തണുത്ത ഇളം കാറ്റ്. തൊട്ടുരുമ്മി പറക്കുന്ന അപൂർവയിനം ശലഭങ്ങളും കുഞ്ഞുപക്ഷികളും. … പ്രകൃതി ആസ്വാദകർക്കും സാഹസിക യാത്രക്കാർക്കും ഏറെ പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമാണിത്. പ്രകൃതിയുടെ നിറച്ചാർത്തിനുള്ള കൈയൊപ്പേകി കാഴ്ചയുടെ വസന്തം വിരിയുന്ന പൈതൽ മല. കണ്ണൂരിന്റെ മൂന്നാറെന്നു പൈതൽ മലയെ വിശേഷിപ്പിക്കാം. ആനയുടെ രൂപം പൂണ്ടു തലയുയർത്തി നിൽക്കുന്ന പൈതൽ മല നിബിഡമായ കുടകു മലനിരകളുടേയും അറബിക്കടലിന്റേയും വളപട്ടണം പുഴയുടേയുമെല്ലാം മനോഹരമായ കാഴ്ചകൾ സമ്മാനിക്കും. കടുത്ത വേനലിലും വറ്റാത്ത നീരുറവകൾ, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുൽമേടുകൾ, സൂര്യാസ്തമയത്തിന്റെ വർണ വിസ്മയം, പൈതൽ മല ഒരുക്കുന്ന കാഴ്ചയുടെ വിസ്മയങ്ങൾ ഏറെയാണ്.
നനഞ്ഞ കാട് നൽകുന്ന സുഖം അനുഭവിച്ച് തന്നെ അറിയണം. മരങ്ങൾ ഇല പൊഴിച്ച് വഴി മുഴുവൻ അലങ്കരിച്ചിരുന്നു. മരങ്ങൾക്കിടയിലൂടെ കോടമഞ്ഞ് വന്നു പോകുന്നു. നടപ്പാതക്ക് കുറുകെ ഇടക്ക് ചെറിയ നീർച്ചാലുകൾ.
പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതൽ മലയുടെ പ്രധാന ആകർഷണം ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തിൽ നിന്നുള്ള മനോഹര ദൃശ്യങ്ങളും പൈതൽ മല കാഴ്ചയ്ക്ക് നവ്യാനുഭൂതി നൽകുന്നു. കടൽ നിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നു കിടക്കുന്നു. നിബിഢ വനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദ സഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് പൈതൽ മല സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം.