ടെഹ്‌റാന്‍- തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസിന് സമീപം 6.4 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായി. പ്രഭവകേന്ദ്രത്തിന് സമീപമുള്ള നിരവധി വീടുകള്‍ തകര്‍ന്നതായി പ്രാദേശിക ഉദ്യോഗസ്ഥരും താമസക്കാരും പറയുന്നു. ദുബായ്, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
പുലര്‍ച്ചെ 3.37നാണ് ആദ്യ ഭൂചലനം ഉണ്ടായത്. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ബന്ദര്‍ അബ്ബാസിന് വടക്ക് പടിഞ്ഞാറ് 64 കിലോമീറ്റര്‍, (ദുബായില്‍ നിന്ന് 278 കിലോമീറ്റര്‍ വടക്ക് ) കേന്ദ്രീകരിച്ചായിരുന്നു ഇത്. ഒരു മിനിറ്റിനുശേഷം അതേ പ്രദേശത്ത് രണ്ടാമത്തെ ഭൂചലനം ഉണ്ടായി.
ആദ്യ ഭൂകമ്പത്തിന്റെ പ്രാഥമിക തീവ്രത 6.4 ആണെന്നും രണ്ടാമത്തേത് 6.3 ആയി തീവ്രത കുറഞ്ഞെന്നും ഇറാന്റെ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഉപരിതലത്തില്‍നിന്ന് ഏകദേശം 15 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം.
യുനൈറ്റഡ് അറബ് എമിറേറ്റിലെ ദുബായ്, അബുദാബി, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നിവയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ മേഖലയിലുടനീളം പ്രകമ്പനം അനുഭവപ്പെട്ടു.