കോയമ്പത്തൂര്‍-കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് പിടിയിലായത്. പ്രിന്‍സിപ്പലിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ഇതോടെ പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടി എടുക്കാതിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
അതേസമയം വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം 12 മണിക്ക് സംസ്‌കരിക്കും. പ്രിന്‍സിപ്പല്‍ അറസ്റ്റിലായതിന് ശേഷം മാത്രമേ പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുവെന്ന നിലപാടിലായിരുന്നു രക്ഷിതാക്കള്‍.
പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്‌പെഷ്യല്‍ ക്ലാസിനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്. വിവരം പുറത്തുവന്നതോടെ അധ്യാപകന്റെ അറസ്റ്റിനായി വിദ്യാര്‍ത്ഥി, വനിതാ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങുകയായിരുന്നു.