Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളെ ധനസഹായത്തിൽ ഉൾപ്പെടുത്താത്തത് അനീതി -പ്രവാസി 

പ്രവാസി സാംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ സമ്മേളനത്തിൽ അനീസ മഹബൂബ് സംസാരിക്കുന്നു.

ദമാം- കോവിഡ് ബാധിച്ചു മരിച്ചവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായ പദ്ധതിയിൽനിന്ന് പ്രവാസലോകത്തുനിന്ന് മരിച്ചവരെ മാറ്റിനിർത്തിയത് നീതീകരിക്കാൻ കഴിയില്ലെന്ന് പ്രവാസി സാംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്.

സർക്കാരുകളുടെ ചില അനാവശ്യമാനദണ്ഡങ്ങളെ തുടർന്നാണ് ഇത്തരം സഹായങ്ങൾക്ക് മരിച്ച പ്രവാസികളുടെ ആശ്രിതർ പുറത്തുനിൽക്കേണ്ടി വരികയാണ്. നാട്ടിൽ വെച്ച് മരിച്ചവരിൽ മാത്രമായി ഇത് പരിമിതപ്പെടുത്തിയത് കടുത്ത അവഗണനയാണ്. കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന് സാക്ഷ്യപ്പെടുത്തിയ ആശുപത്രി രേഖകൾ കൊണ്ട് പരിഹരിക്കാവുന്ന വിഷയം, അതിൽ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള അവസരമായി എടുക്കുകയാണ് അധികാരികൾ.  പ്രവാസലോകത്ത് മരിച്ചവരിൽ ഏറെയും സാധാരണക്കാരും തൊഴിലാളികളുമാണ്. വലിയ ബാധ്യതയോടെയാണ് ഇവർ പ്രവാസ ലോകത്തേക്ക് എത്തിയത് തന്നെ. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി ഇവരിൽ പലരേയും സാമ്പത്തികമായി ദുരിതത്തിലാഴ്ത്തി എന്നതാണ് യാഥാർഥ്യം.

ഇവരുടെ മരണത്തോടെ ആ കുടുംബങ്ങളിൽ പലരും കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് ബാധിതരായി മരിച്ച പ്രവാസികളുടെ കൃത്യമായ കണക്ക്, അവരിൽ ഏതെങ്കിലും കുടുംബങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിലൂടെ സഹായം ലഭിച്ചോ എന്നീ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിക്കാൻ സർക്കാർ തയാറാകണം. പ്രത്യേക താൽപര്യമെടുത്താൽ നിരവധി പ്രവാസികളുള്ള കേരളത്തിലെങ്കിലും ഇത് നടപ്പാക്കാൻ സർക്കാരിന് കഴിയുമായിരുന്നു. പ്രവാസ ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതരെ ധനസഹായത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയാറാവണമെന്ന് ദമാം റീജിയണൽ കമ്മിറ്റി സെക്രട്ടറി അനീസ മഹബൂബ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. പ്രവിശ്യാ ആക്ടിംഗ് പ്രസിഡന്റ് സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു. റഊഫ് ചാവക്കാട് സ്വാഗതവും ബിജു പൂതക്കുളം നന്ദിയും പറഞ്ഞു.


 

Latest News