കൊൽക്കത്ത- ഓടുന്ന ട്രെയ്‌നിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്ന പ്രവണതക്കെതിരെ ബോധവൽക്കരണ വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ടു വിദ്യാർത്ഥികൾ തീവണ്ടി ഇടിച്ചു മരിച്ചു. കൊൽക്കത്തയിലെ സുരേന്ദ്രനാഥ് ബംഗബാസി കോളെജ് വിദ്യാർത്ഥികളായ സൊയ്‌സോബ് ദൊലുയ് (20), സുനിയോൽ തന്തി (19) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ അഭിനയിക്കുന്നത് മറ്റൊരാൾ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്. നോർത്ത്് 24 പർഗനാസ് ജില്ലയിലെ സൊദെപൂർ സ്വദേശികളാണ് ഇരുവരും.
'ഷൂട്ടിങ്ങിനിടെ ആദ്യ ട്രെയ്‌നുകൾ വന്നപ്പോൾ ഞങ്ങൾ ട്രാക്കിൽ നിന്നും മാറിയിരുന്നു. എന്നാൽ അപകടമുണ്ടാക്കിയ ട്രെയ്ൻ ഞങ്ങളുടെ അടുത്തെത്തിയത് തിരിച്ചറിഞ്ഞില്ല,' വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥി ഷോനദീപ് സന്ത്ര പറഞ്ഞു. 'മൂന്ന് പേരും ഷൂട്ടിങ്ങിൽ മുഴുകിയിരിക്കുകയായിരുന്നെന്ന് സന്ത്ര ഷൂട്ട് ചെയ്ത വീഡിയോയിൽ നിന്ന് വ്യക്തമാണ്. ട്രെയിൻ അടുത്തുവന്ന ശബ്ദം പോലും അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല,' റെയിൽ പോലീസ് സുപ്രണ്ട് അശേഷ് ബിസ്വാസ് പറഞ്ഞു.
പരീക്ഷയിൽ തോറ്റ ദുഖത്തിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്ന കഥാപാത്രത്തെയാണ് മരിച്ച ദൊലുയ് അവതരിപ്പിച്ചിരുന്നത്. സഹപാഠിയായ തന്തി ആത്മഹത്യയിൽ നിന്നും ദൊലുയിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വീഡിയോ റിലയിലിസ്റ്റിക് ആക്കാനാണ് തങ്ങൾ റെയിൽവെ ട്രാക്കിൽ ഷൂട്ടിങ് നടത്തിയതെന്ന് സന്ത്ര പോലീസിനോട് പറഞ്ഞു. ചിത്രീകരിച്ച ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.