Sorry, you need to enable JavaScript to visit this website.

മോൻസണെതിരെ ഇ.ഡിയും കേസെടുത്തു; മുഴുവൻ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കും

കൊച്ചി- പുരാവസ്തുവിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം തുടങ്ങി. മോൻസൺ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് ഇ.ഡി പുരാവസ്തു തട്ടിപ്പിൽ കേസെടുത്തത്. മോൻസൺ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്റെ മേക്കപ്പ്മാൻ ജോഷി എന്നീ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്ത് ഇ.ഡി അന്വേഷണം ആരംഭിച്ചത്. മോൻസണും ജോഷിയും നിലവിൽ ജയിലിലാണ്. ഇവരെ ചോദ്യം ചെയ്യാനുള്ള നടപടിയും ഇ.ഡി തുടങ്ങി. പുരാവസ്തുക്കളുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എടുത്ത കേസുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇ.ഡി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവന് കത്ത് നൽകി. പുരാവസ്തുക്കൾ വാങ്ങാനും വിൽപനക്കുമായി കോടികൾ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒക്ടോബർ മൂന്ന് വരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇ.ഡി അന്വേഷിക്കും. അന്വേഷണ വിവരങ്ങൾ കൈമാറാൻ ക്രൈംബ്രാഞ്ചിന് ഇ.ഡി കത്ത് നൽകി. ഒരു രേഖയുമില്ലാതെ പലരും മോൻസന്റെ പുരാവസ്തു ഇടപാടുകൾക്ക് കോടികൾ നിക്ഷേപിച്ചതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും ഇടപാടിൽ പങ്കാളികളാണ്. ഇവരെയെല്ലാം ഇ.ഡി വിളിച്ചു വരുത്തി മൊഴി എടുക്കും. 2020 ൽ മോൻസന്റെ പുരാവസ്തു ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ കത്ത് നൽകിയിരുന്നു. ഈ കത്തിൽ ഇ.ഡി എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി മറ്റൊരു കേസിൽ ആരാഞ്ഞിട്ടുണ്ട്. ഹൈക്കോടതിയിലെ കേസിൽ ഇന്ന് ഇ.ഡി കക്ഷി ചേർന്നിരുന്നു. ഈ മാസം 19 ന് കേസ് കോടതി പരിഗണിക്കും.
 

Latest News