അഗർത്തല -കാൽനൂറ്റാണ്ട് കാലമായി സി.പി.എം ഭരിക്കുന്ന ത്രിപുര പിടിച്ചടക്കാൻ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയുടെ സ്ഥാനാർത്ഥികളിൽ ഭൂരിപക്ഷവും സമ്പന്നരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും. ബി.ജെ.പി നിർത്തിയ 51 സ്ഥാനാർത്ഥികളിൽ 11 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. 18 പേർക്ക് ഒരു കോടിയിലേറെ മൂല്യമുള്ള ആസ്തിയുണ്ട്. ത്രിപുരയിൽ മത്സര രംഗത്തുള്ള ദേശീയ പാർട്ടികളിൽ സി.പി.എം സ്ഥാനാർത്ഥികളിലാണ് സമ്പന്നരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഏറ്റവും കുറവ്. കോൺഗ്രസിന്റെ 59 സ്ഥാനാർത്ഥികളിൽ നാലു പേരും സിപിഎമ്മിന്റെ 57 സ്ഥാനാർത്ഥികളിൽ രണ്ടു പേരും തൃണമൂൽ കോൺഗ്രസിന്റെ 24 സ്ഥാനാർത്ഥികളിൽ ഒരാളും ഐ.പി.എഫ്.ടിയുടെ ഒമ്പത് സ്ഥാനാർത്ഥികളിൽ രണ്ടു പേരും ഈ ഗണത്തിൽ ഉൾപ്പെടുന്നു.
ഫെബ്രുവരി 18നാണ് ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥികളിൽ ഏറ്റവും വലിയ സമ്പന്നൻ ബി.ജെ.പിയുടെ ചാറിലം സ്ഥാനാർത്ഥി ജിഷ്ണുദേവ് വർമയാണ്. 11 കോടിയിലേറെ വരും വർമയുടെ ആസ്തി. ഏറ്റവും പാവപ്പെട്ട സ്ഥാനാർത്ഥികൾ ത്രിപുര പീപ്പൾസ് പാർട്ടിയുടെ ഖഗേന്ദ്ര റിയാങ്, പർകറോയ് റിയാങ് എന്നിവരാണ്. ഇരുവർക്കും വെറും നൂറു രൂപയുടെ ആസ്തിയെ ഉള്ളൂ. സ്വതന്ത്ര സ്ഥാനാർത്ഥികളായ സുദർശൻ മജുംദാറും കനചയ് മോഗും ഒരു ആസ്തിയുമില്ലെന്നാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്.
മൊത്തം 297 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഇവരിൽ 22 പേർ ക്രമിനൽ പശ്ചാത്തലമുള്ളവരും 35 പേർ കോടിപതിമാരുമാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഒമ്പതു പേരും സിപിഎമ്മിന്റെ നാലു സ്ഥാനാർത്ഥികളും തൃണമൂൽ കോൺഗ്രസ്, ഐപിഎഫ്ടി, ഐഎൻപിടി എന്നീ പാർട്ടികളുടെ ഓരോ സ്ഥാനാർത്ഥികളും സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.