Sorry, you need to enable JavaScript to visit this website.

മോൻസൺ കേസിൽ സന്ധി സംഭാഷണത്തിനെത്തിയ കെ.സുധാകരന്റെ വിശ്വസ്തൻ ഒളിക്യാമറയിൽ കുടുങ്ങി

കൊച്ചി- സാമ്പത്തിക തട്ടിപ്പിലും ലൈംഗിക പീഡനക്കേസുകളിലും പ്രതിയായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ഒഴിവാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ വിശ്വസ്ത സഹായിയായ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഇടപെടൽ. കേസിലെ പരാതിക്കാരായ എം.ടി ഷെമീറിനെയും അനൂപിനെയും മോൻസണെതിരായ പോക്‌സോ കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥനെയും സ്വാധീനിക്കാൻ സുധാകരന്റെ സഹായി എബിൻ എബ്രഹാം ശ്രമിക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖയും പുറത്തു വന്നു. പരാതിക്കാർ തന്നെയാണ് ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയത്. എറണാകുളത്ത് സുധാകരന്റെ വ്യക്തിപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ എബിൻ എബ്രഹാം രണ്ടര വർഷം മോൻസന്റെ സ്റ്റാഫായി പ്രവർത്തിച്ചിട്ടുണ്ട്്. എബിനാണ് സുധാകരനെ മോൻസണ് പരിചയപ്പെടുത്തിയതും ഇവിടെ ചികിത്സക്കായി എത്തിച്ചതും. മോൻസണെതിരായ കേസുകളിൽ ശക്തമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സുധാകരനെ കേസിൽ പെടാതെ രക്ഷിച്ചെടുക്കാനുള്ള ദൗത്യവുമായി എബിൻ രംഗത്തിറങ്ങിയത്. പരാതിക്കാരായ ഷെമീറും അനൂപും താമസിക്കുന്ന കൊച്ചിയിലെ ഹോട്ടലിലെത്തി കെ.സുധാകരനു വേണ്ടി എബിൻ ഒത്തുതീർപ്പു ചർച്ചകൾ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. എബിനുമായി നടന്നത് സന്ധി സംഭാഷണമാണെന്ന് പരാതിക്കാരായ ഷമീറും അനൂപും സ്ഥിരീകരിച്ചു.
മോൻസണെതിരായ പോക്‌സോ കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥനെ സ്വാധീനിക്കാൻ എബിൻ എബ്രഹാം ശ്രമിച്ചതിന്റെ ശബ്ദരേഖയും ഇതോടൊപ്പം പുറത്തു വന്നു. അന്വേഷണ ഉദ്യോഗസ്ഥനുമായി അടുപ്പം പുലർത്തുന്ന മറ്റൊരു പോലീസുദ്യോഗസ്ഥനുമായാണ് എബിൻ കേസിനെക്കുറിച്ച് സംസാരിക്കുന്നത്. മോൻസണുമായി ബന്ധപ്പെട്ട സാക്ഷികളിലൊരാളുടെ അറസ്റ്റുണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തത തേടിയായിരുന്നു എബിന്റെ ഫോൺ വിളി. തട്ടിപ്പു കേസിൽ മോൻസൺ അറസ്റ്റിലായ ശേഷവും മാനേജരടക്കമുള്ള മോൻസന്റെ ജീവനക്കാരുമായി എബിൻ ഇടപെട്ടതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോൻസൺ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായ ശേഷവും ജീവനക്കാരുമായി കോടതിയിൽ വെച്ചും ജയിലിൽ നിന്ന് ഫോണിലും ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ചിരുന്നു. തെളിവു നശിപ്പിക്കുന്നതിൽ എബിനും പങ്കാളിയായിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വ്യാജ ചികിത്സ നടത്തിയ സംഭവത്തിൽ മോൻസണെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു സുധാകരൻ നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇതുവരെയും മോൻസണെതിരെ പരാതി നൽകാൻ സുധാകരൻ തയാറായിട്ടില്ലെന്നത് ശ്രദ്ധേയാണ്. ഇതിനിടയിലാണ് കേസിൽ മധ്യസ്ഥ ചർച്ചക്കായി സുധാകരന്റെ വിശ്വസ്തൻ നടത്തിയ ഇടപെടൽ വിവാദമാകുന്നത്. അതേസമയം, കേസിലെ പരാതിക്കാരായ എം.ടി ഷെമീറിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് വാർത്ത നൽകരുതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ആവശ്യപ്പെട്ടതായി റിപ്പോർട്ടർ ചാനൽ വെളിപ്പെടുത്തി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ റിപ്പോർട്ടർ ടി.വിക്ക് എതിരെ നൽകിയ മാനനഷ്ട നോട്ടീസിൽ പരിഹാരമുണ്ടാക്കാമെന്നായിരുന്നു എബിൻ ചാനലിന്റെ റിപ്പോർട്ടർക്ക് വാഗ്ദാനം നൽകിയത്. ചാനൽ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.
 

Latest News