ന്യൂദൽഹി-ദൽഹിയിലെ അന്തരീക്ഷം അതീവ ഗുരുതരാവസ്ഥയിലെന്നു സുപ്രീംകോടതി. തലസ്ഥാന വാസികൾ വീടിനുള്ളിൽ പോലും മാസ്‌ക് ധരിച്ചു കഴിയേണ്ട ദുരവസ്ഥയാണെന്നും ചീഫ് ജസ്റ്റീസ് എൻ.വി രമണ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ രണ്ട് ദിവസത്തെ ലോക്ഡൗൺ ഏർപ്പെടുത്താമെന്നും ഈ ദുരവസ്ഥയിൽ ജനങ്ങൾ എങ്ങനെ ജീവിക്കും എന്നും കോടതി ചോദിച്ചു.
മലിനീകരണം കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ജസ്റ്റീസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തലസ്ഥാനത്തെ ദുരവസ്ഥയിൽ മാറ്റം ഉണ്ടാകണമെന്നും ചീഫ് ജസ്റ്റീസ് നിർദേശിച്ചു. സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. ഒരു വശത്ത് കോവിഡ് ഭീതി ഇപ്പോഴും നിലനിൽക്കുന്നു. മറുവശത്ത് ഇത്ര ഗുരുതരമായ അന്തരീക്ഷവും. കുട്ടികൾ ഉൾപ്പടെ ഇതെല്ലാം എങ്ങനെ മറികടക്കുമെന്നും കോടതി ചോദിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പടെ കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്ന് ദൽഹി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാഹുൽ മെഹ്‌റ ചൂണ്ടിക്കാട്ടി. എന്തിനും ഏതിനും കർഷകരെ കുറ്റപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. ദീപാവലിക്ക് ഉൾപ്പടെ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു. എന്നിട്ട് എന്താണ് സംഭവിച്ചത്. ദൽഹി പോലീസ് എന്തു ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു.
പഞ്ചാബിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈക്കോൽ കത്തിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചൂണ്ടിക്കാട്ടി. അപ്പോഴും മലിനീകരണത്തിന്റെ കുറ്റം കർഷകരുടെ തലയിൽ കെട്ടിവെക്കുകയാണോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം. ദൽഹിയിലെ ജനങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്. പടക്കം നിയന്ത്രിക്കാൻ എന്ത് ചെയ്തു. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണവും കാരണമാകുന്നില്ലേ എന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. കർഷകരാണ് ഉത്തരവാദികൾ എന്ന നിലയിൽ താൻ പറഞ്ഞതിനെ എടുക്കരുതെന്ന് സോളിസിറ്റർ ജനറൽ അഭ്യർഥിച്ചു. മലിനീകരണത്തിന്റെ 30 ശതമാനം കാരണവും കാർഷിക അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നത് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.