ന്യൂദല്‍ഹി- മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഈ മാസം 22 ലേക്കു മാറ്റി. തമിഴ്‌നാടിന്റെ സത്യവാങ്മൂലം വിലയിരുത്താന്‍ സമയം വേണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണു കോടതിയുടെ തീരുമാനം.
വെള്ളിയാഴ്ചയാണ് മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ സത്യവാങ്മൂലത്തിനു മറുപടിയായി തമിഴ്‌നാട് സത്യവാങ്മൂലം നല്‍കിയത്. ആ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ശനിയാഴ്ച രാവിലെ മാത്രമാണു കേരളത്തിന്റെ അഭിഭാഷകനു ലഭിച്ചത്. അതുകൊണ്ടു തന്നെ എന്തു മറുപടി നല്‍കണമെന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നു കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ചില അസൗകര്യങ്ങള്‍ ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് 22ന് തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. തമിഴ്‌നാട് ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേരളത്തിനെതിരെ ചില ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മരംമുറി വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും തമിഴ്‌നാട് ഉന്നയിച്ചിട്ടുണ്ട്.