കോട്ടയം- യുവതിയെ മുന്‍ സുഹൃത്ത് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച യുവതിയുടെ വായില്‍ പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ചു. പുലര്‍ച്ചെയോടെ യുവാവ് പിടിയിലായി. മൂലവട്ടം സ്വദേശിനിയായ 19വയസ്സുകാരിക്കു നേരെയാണ് ആക്രമണം. യുവതിയുമായി മുന്‍പ് പ്രണയത്തിലായിരുന്ന പൂവന്തുരുത്ത് മാടമ്പുകാട് സ്വദേശിയാണ് ആക്രമണം നടത്തിയതെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം 3.30ന് പൂവന്തുരുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്കു പോയ യുവതിയെ സംസാരിക്കുന്നതിനായി ഓട്ടോയില്‍ കയറ്റിയശേഷം ഇയാള്‍ ഓടിച്ചുപോവുകയായിരുന്നു. നാട്ടകം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയ ഇയാള്‍ യുവതിയെ മര്‍ദിച്ചു. ആളുകള്‍ ശ്രദ്ധിക്കുന്നതായി തോന്നിയതോടെ ഇവിടെനിന്നും വീണ്ടും ഓട്ടോ ഓടിച്ചുപോയി.
മറ്റൊരു സ്ഥലത്ത് എത്തിയശേഷം വായില്‍ ബലമായി പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ പരാതി. സുഹൃത്തുമായുള്ള പിടിവലിക്കിടെ വസ്ത്രം കീറി. പെട്രോള്‍ നിറച്ച കുപ്പി യുവതി തട്ടിക്കളയുകയായിരുന്നു. യുവതി ബഹളംവച്ചതോടെ ഓട്ടോയില്‍ വീടിനു മുന്നില്‍ എത്തിച്ചു ഇറക്കിവിട്ടു. ജോലിക്കായി പോയ വീട്ടുകാര്‍ എത്തിയതോടെ യുവതി വിവരം ധരിപ്പിച്ചു. തുടര്‍ന്ന് രാത്രി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി.സംഭവം അറിഞ്ഞെത്തിയ വനിതാ പോലീസ് യുവതിയുടെ മൊഴിയെടുത്തു. ഈസ്റ്റ് പോലീസും എത്തിയിരുന്നു. മര്‍ദിക്കുകയും വായില്‍ പെട്രോള്‍ ഒഴിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി മൊഴി നല്‍കിയെന്ന് ഈസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ റിജോ പി.ജോസഫ് അറിയിച്ചു. പുലര്‍ച്ചെയോടെ പിടിയിലായ യുവാവിനെ ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.