Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ സ്‌പെഷ്യലാക്കി ഓടിക്കുന്നത് നിര്‍ത്തി, ഇനിയെല്ലാം  സാധാരണപോലെ കോവിഡിനു മുമ്പുള്ള നിരക്കിലേക്ക്

ന്യൂദല്‍ഹി-ട്രെയിനുകള്‍ സ്‌പെഷ്യല്‍ എന്ന് പേരിട്ട് ഉയര്‍ന്ന നിരക്കില്‍ സര്‍വീസ് നടത്തിയിരുന്ന റെയില്‍വേ ഒടുവില്‍ യാത്രക്കാരുടെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുള്ള 'സ്‌പെഷ്യല്‍' ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍ റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്‌പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സര്‍വീസ് സ്ഥിരം യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.സാധാരണ നമ്പറില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണല്‍ ഓഫീസര്‍മാര്‍ക്ക്  റെയില്‍വേ ബോര്‍ഡ് അയച്ച കത്തില്‍ അറിയിച്ചു.
ഉത്തരവ് ഉടനടി നടപ്പാക്കാനാണ് നിര്‍ദേശമെങ്കിലും പഴയ സ്ഥിതിയിലേക്ക് മാറാന്‍ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. സ്‌പെഷ്യല്‍ ട്രെയിനുകളായി സര്‍വീസ് നടത്തുമ്പോള്‍ ആദ്യ നമ്പര്‍ പൂജ്യത്തിലാണ് തുടങ്ങിയിരുന്നത്. ഇതും മാറും.
അതേ സമയം നിലവില്‍ സെക്കന്‍ഡ് ക്ലാസുകളിലടക്കം റിസര്‍വ് ചെയ്യുന്ന ട്രെയിനുകള്‍ മറ്റിളവുകള്‍ നല്‍കുന്നത് വരെ അതേ പടി നിലനില്‍ക്കുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്.
 

Latest News