ന്യൂദൽഹി- ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം നീറ്റ് പരീക്ഷ എഴുതാനാകാത്ത രണ്ട് വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്താനാകില്ലെന്ന് സുപ്രീംകോടതി. ഇവർക്കായി മാത്രം വീണ്ടും പരീക്ഷ നടത്താൻ ഉത്തരവിട്ട ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി തള്ളി. ജസ്റ്റീസുമാരായ എൽ.നാഗേശ്വര റാവു, ബി.ആർ.ഗവായി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. ഉദ്യോഗസ്ഥരുടെ വീഴ്ചയെത്തുടർന്ന് വിദ്യാർത്ഥികൾക്കുണ്ടായ അവസ്ഥയിൽ സഹതാപമുണ്ട്. എന്നാൽ ഇവർക്കായി മാത്രം ദേശീയ പരീക്ഷ വീണ്ടും നടത്താനാകില്ല. അതിനാൽ ബോംബെ ഹൈക്കോടതിയുടെ വിധി തള്ളുന്നുവെന്ന് കോടതി അറിയിച്ചു.
സെപ്റ്റംബർ 12ന് നടന്ന പരീക്ഷയിൽ മഹാരാഷ്ട്രയിലെ സീലംപുരിലെ ശ്രീ നാരായണ ഗുരുകുലം സ്‌കൂളിൽ പരീക്ഷ എഴുതാനെത്തിയ വൈഷ്ണ വിഭോപലെ, അഭിഷേക് കപ്സെ എന്നിവർക്കാണ് പരീക്ഷയുടെ മേൽനോട്ടം നടത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ബുദ്ധിമുട്ടുകൾ നേരിട്ടത്. പരീക്ഷയ്ക്ക് മുൻപായി വിദ്യാർത്ഥികൾക്ക് നൽകുന്ന ഉത്തരക്കടലാസും ചോദ്യ പേപ്പറും പരസ്പരം മാറിപ്പോയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വിദ്യാർത്ഥികൾക്ക് നൽകുന്ന ഉത്തര കടാലാസുകൾക്കും ചോദ്യപേപ്പറുകൾക്കും നിശ്ചിതമായ കോഡുകളുണ്ട്.
കോഡുകൾ മാറിപ്പോയാൽ വിദ്യാർത്ഥികളുടെ അവസരം നഷ്ടപെട്ടേക്കാം. പിഴവ് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. പരീക്ഷ തടസപെടുത്തിയതിന് വിദ്യാർത്ഥികൾക്കെതിരേ നടപടി സ്വീകരിക്കുമെന്നായിരുന്നു ഭീഷണി. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും സംഭവിച്ച സാങ്കേതിക പിഴവ് തിരുത്തി തരണമെന്ന് വീണ്ടും ആവശ്യപെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറാകാത്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾ നിയമസഹായം തേടിയത്.