സാമ്പത്തിക നയങ്ങൾ തീരുമാനിക്കുമ്പോൾ വിദഗ്ധരെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. ഏത് സാമ്പത്തിക നയമാറ്റത്തിനും നേതൃത്വം നൽകേണ്ടത് സാമ്പത്തിക, വ്യാപാര, സാങ്കേതിക മേഖലകളിലെ വിദഗ്ധരാണ്. തീരുമാനം എടുക്കുന്നതിനു മുമ്പ് കൃത്യമായി ഗൃഹപാഠം ചെയ്യണം. ഒരു നയം നടപ്പിലാക്കുമ്പോൾ അടിസ്ഥാന വിവരങ്ങൾ അവഗണിക്കരുത്. പ്രാബല്യത്തിലുള്ള 86 ശതമാനം നോട്ടുകൾ അസാധുവാക്കുമ്പോൾ അത് 90 ശതമാനം പാവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമായിരുന്നു.
നോട്ട് നിരോധനമെന്ന സാമ്പത്തിക മേഖലയിലെ സർജിക്കൽ സ്ട്രൈക്കിന് അഞ്ച് വയസ്സായി. 2016 നവംബർ എട്ട് രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധന പ്രഖ്യാപനം നടത്തി. പ്രചാരത്തിലുള്ള നോട്ടുകളുടെ 86 ശതമാനം ഒറ്റയടിക്ക് അസാധുവായി. കള്ളപ്പണത്തിന്റെ പ്രചാരത്തെ തടഞ്ഞ് സാമ്പത്തിക മേഖലയെ സുതാര്യമാക്കുക എന്നത് നോട്ട് നിരോധനത്തിന്റെ പ്രധാന പ്രഖ്യാപിത ലക്ഷ്യമായി സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ അഞ്ച് വർഷം കഴിയുമ്പോൾ പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ മൂല്യത്തിൽ വർധനയാണ് കാണാനാകുന്നത്. 57.48 ശതമാനമെങ്കിലും വർധനവുണ്ടായെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2021 ഒക്ടോബർ എട്ടിന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുജനങ്ങളുടെ കൈവശമുള്ള കറൻസി റെക്കോർഡ് വളർച്ച നേടി 28.30 ലക്ഷം കോടി രൂപയിലെത്തി. 2016 നവംബർ 4 ലെ 17.97 ലക്ഷം കോടി രൂപയിൽ നിന്ന് 10.33 ലക്ഷം കോടി രൂപയുടെ വർധനയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. 2016 നവംബർ 25 ന് രേഖപ്പെടുത്തിയത് 9.11 ലക്ഷം കോടിയായിരുന്നെങ്കിൽ ഏകദേശം അഞ്ച് വർഷങ്ങൾ കൊണ്ട് അത് 211 ശതമാനം വർധിച്ചു.
നോട്ട് നിരോധനത്തിന് പിന്നാലെ സർക്കാരും ആർ.ബി.ഐയും 'കാഷ് ലെസ് സമൂഹം' എന്ന ലക്ഷ്യത്തോടെ പേയ്മെന്റുകൾ ഡിജിറ്റലൈസ് ചെയ്യൽ, വിവിധ ഇടപാടുകളിൽ പണം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ എന്നിവയുമായി മുന്നോട്ട് വന്നെങ്കിലും കടലാസ് പണത്തിന്റെ ഉപയോഗം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ നേരിടാൻ സർക്കാർ കർശനമായ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ 2020 ൽ പൊതുജനങ്ങൾക്കിടയിൽ പണത്തിനുള്ള ആവശ്യകത വർധിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ ഈ കുതിപ്പിന് പ്രാഥമിക കാരണമായി വിലയിരുത്തുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഫെബ്രുവരിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ഇന്ത്യൻ സർക്കാരും ലോക്ഡൗൺ പ്രഖ്യാപിക്കാൻ തയാറെടുക്കുകയും ചെയ്തതോടെ, ആളുകൾ പലചരക്ക് സാധനങ്ങളും മറ്റ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി പണം സ്വരൂപിക്കാൻ തുടങ്ങുകയായിരുന്നു.
ആർ.ബി.ഐയുടെ നിർവചന പ്രകാരം പ്രചാരത്തിലുള്ള മൊത്തം കറൻസിയിൽ (സി.ഐ.സി) നിന്ന് ബാങ്കുകളിലെ പണം കുറച്ച ശേഷമാണ് പൊതുജനങ്ങളുടെ പക്കലുള്ള കറൻസി കണക്കാക്കുന്നത്. 2016 നവംബറിലെ പെട്ടെന്നുള്ള നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്ഥയെ തകർക്കുന്നതായിരുന്നു. ബിസിനസുകൾ പ്രതിസന്ധി നേരിടുകയും മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച 1.5 ശതമാനത്തോളം ഇടിയുകയും ചെയ്തു. നോട്ട് നിരോധനത്തിന് ശേഷം നിരവധി ചെറുകിട യൂനിറ്റുകൾ ശക്തമായി തകരുകയും അടച്ചുപൂട്ടേണ്ടതായും വന്നിരുന്നു. ഇത് പണ ലഭ്യതക്കുറവും സൃഷ്ടിച്ചു.
നോട്ട് അസാധുവാക്കൽ നടപടിയിലൂടെ സാമ്പത്തിക രംഗത്തെ സുതാര്യത വർധിച്ചുവെന്നതാണ് കേന്ദ്ര സർക്കാരിന്റെ ന്യായവാദം. രാജ്യത്തെ മൂലധന നിക്ഷേപം വർധിക്കുകയും ബാങ്കുകളിലേക്കും മ്യൂച്വൽ ഫണ്ടിലേക്കും കൂടുതൽ പണം എത്തുകയും ചെയ്തതായി സർക്കാർ ചൂണ്ടിക്കാട്ടുന്നു. നികുതിദായകരുടെ എണ്ണത്തിൽ നോട്ടുനിരോധനത്തിനു ശേഷം വലിയ വർധനയുണ്ടായി. നോട്ട് അസാധുവാക്കലിന്റെ അടുത്ത വർഷം മാത്രം നികുതിയിനത്തിൽ ആറായിരം കോടി രൂപ ഖജനാവിലെത്തി. കള്ളപ്പണം സ്വയം പ്രഖ്യാപിച്ച് പിഴയൊടുക്കാനുളള അവസരം എട്ടു ലക്ഷം പേരാണ് വിനിയോഗിച്ചത്. ഭീകരതയെയും കുഴൽപണ ഇടപാടിനെയും റിയൽ എസ്റ്റേറ്റ് മാഫിയകളെയും ലക്ഷ്യമിട്ടായിരുന്നു നോട്ടു നിരോധനമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെയും വാദം. മറ്റെല്ലാ വിമർശനങ്ങളും ഒഴിച്ചുനിർത്തിയാലും ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളും വ്യവസായ സ്ഥാപനങ്ങളും നോട്ടു നിരോധനിരോധനത്തിന് പിന്നാലെ അടച്ചുപൂട്ടിയെന്നത് വസ്തുതയാണ്. സംഘടിത മേഖലയിലും നിരവധി പേർ തൊഴിൽ രഹിതരായി. 2015-16 ൽ 8.2 ശതമാനമായിരുന്ന രാജ്യത്തിന്റെ ജി.ഡി.പി വളർച്ച 2019-20 ൽ നാല് ശതമാനമായി കൂപ്പുകുത്തി. നോട്ടു നിരോധനത്തിന്റെ തുടർച്ചയായി 18 ലക്ഷം കോടി കറൻസിയിൽ അഞ്ചു ലക്ഷം കോടിയെങ്കിലും ബാങ്കുകളിലേക്ക് മടങ്ങിവരില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
ഏതാണ്ട് നൂറു ശതമാനം പണവും മടങ്ങിയെത്തി എന്നതാണ് യാഥാർഥ്യം. നോട്ടു നിരോധനം പാളിയെന്ന് ഒറ്റവാക്കിൽ വിലയിരുത്താനുള്ള കാരണമായി സാമ്പത്തിക വിദഗ്ധർ എടുത്തു കാട്ടുന്നത് ഇതിനെയാണ്. അഞ്ച് വർഷം മുമ്പ് നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചത്. ഉയർന്ന മൂല്യമുള്ള രണ്ട് കറൻസി റദ്ദാക്കിയപ്പോൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളിൽ എൺപത്തിയാറ് ശതമാനത്തോളം അസാധുവായി മാറി. ഇന്ത്യയിലെ ബാങ്ക് ശാഖകൾക്കും എ.ടി.എമ്മുകൾക്കും മുമ്പിൽ ജനങ്ങൾ നോട്ടിനായി ക്യൂ നിന്നു. പ്രതിസന്ധി തീർന്നതുമില്ല. ഇന്ത്യയുടെ അനുഭവത്തിൽ നിന്ന് മറ്റു രാജ്യങ്ങൾക്ക് പഠിക്കാൻ ഏറെയുണ്ട്.
സാമ്പത്തിക നയങ്ങൾ തീരുമാനിക്കുമ്പോൾ വിദഗ്ധരെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. ഏത് സാമ്പത്തിക നയം മാറ്റത്തിനും നേതൃത്വം നൽകേണ്ടത് സാമ്പത്തിക, വ്യാപാര, സാങ്കേതിക മേഖലകളിലെ വിദഗ്ധരാണ്. തീരുമാനം എടുക്കുന്നതിനു മുമ്പ് കൃത്യമായി ഗൃഹപാഠം ചെയ്യണം. ഒരു നയം നടപ്പിലാക്കുമ്പോൾ അടിസ്ഥാന വിവരങ്ങൾ അവഗണിക്കരുത്. പ്രാബല്യത്തിലുള്ള 86 ശതമാനം നോട്ടുകൾ അസാധുവാക്കുമ്പോൾ അത് 90 ശതമാനം പാവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കള്ളപ്പണമെന്നത് പുതിയ കാര്യമല്ല. സമാന്തര സമ്പദ്ഘടന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എന്നും വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് ധീരമായ ഇടപെടലുകൾ അപൂർവ സന്ദർഭങ്ങളിലുണ്ടായിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തി സമാഹരിക്കുന്നതാണ് കള്ളപ്പണം. കോടികളുടെ കള്ളപ്പണം വിദേശത്തുണ്ടെന്നും അത് തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയതാണ് ബി.ജെ.പി സർക്കാർ. ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായ വേളയിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾക്കായിരുന്നു പ്രസക്തി. റഷ്യൻ ചേരിയിൽ ഉറച്ചു നിന്ന ഇന്ത്യയെ നയിച്ച ഇന്ദിരാ ഗാന്ധിയും സാമൂഹ്യ സമത്വത്തിനായി പ്രയത്നിച്ചു. ആദ്യ പഞ്ചവത്സര പദ്ധതികളിൽ ദാരിദ്ര്യം ഉച്ചാടനം ചെയ്യാനുള്ള പദ്ധതികൾക്ക് രാജ്യം നൽകിയ പ്രത്യേക പരിഗണനയിൽനിന്ന് ഇത് വ്യക്തമാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള സാമ്പത്തിക നയങ്ങളായിരുന്നു ഇന്ദിരയുടേത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലേറിയ മൊറാർജി ദേശായി സർക്കാരിന്റെ കാഴ്ചപ്പാട് വലതുപക്ഷ താൽപര്യങ്ങളുടേതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഈ കാലയളവിലാണ് ഇന്ത്യയിൽ ആദ്യമായി കറൻസി റദ്ദാക്കൽ പരിഷ്കരണം നടപ്പാക്കുന്നത്.
പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് അന്ന് മൊറാർജി സർക്കാർ പിൻവലിച്ചത്. പി.വി. നരസിംഹറാവു സർക്കാർ അധികാരത്തിലേറിയ 90 കളിലാണ് രാജ്യം സാമ്പത്തിക രംഗത്തെ വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി റാവുവിന്റെ നേതൃത്വത്തിൽ കാൽ നൂറ്റാണ്ട് മുമ്പ് അന്നത്തെ ധനമന്ത്രിയും ലോകം ആദരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗ് പിന്നണിയിലും പ്രവർത്തിച്ച കാലത്താണ് ഇന്ത്യ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറിയത്. സാമ്പത്തിക ഉദാരവൽക്കരണ പ്രക്രിയയുടെ ഫലമായി ഇന്ത്യ ലോക രാജ്യങ്ങൾക്കിടയിൽ തലയെടുപ്പുള്ള ശക്തിയായി മാറി. കോൺഗ്രസിന്റേതിന് തുല്യമായ സാമ്പത്തിക നയങ്ങളുമായി ബി.ജെ.പി സർക്കാരുകളും അധികാരത്തിലേറി. അതിസമ്പന്നരായ വ്യവസായികളുടെ താൽപര്യ സംരക്ഷണത്തിൽ ഇരു സർക്കാരുകളും തമ്മിൽ പ്രത്യക്ഷത്തിൽ വ്യത്യാസമില്ലതാനും. നിരോധനം നടപ്പാക്കി അഞ്ചു വർഷം പൂർത്തിയാകുമ്പോഴും രാജ്യത്ത് കറൻസി ഉപയോഗം ഉയർന്നു തന്നെയെന്നത് നോട്ടു നിരോധനത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലേക്ക് വേഗത്തിൽ സാധാരാണക്കാർ പോലും എത്താൻ നോട്ടു നിരോധനം കാരണമായെന്നാണ് സർക്കാരിന്റെ അവകാശവാദം.