Sorry, you need to enable JavaScript to visit this website.

ഇന്ധന സമരവും മന്ത്രിക്കാര്യവും


വായു സ്തംഭനം, ജല സ്തംഭനം തുടങ്ങിയ അഭ്യാസങ്ങൾ പോലെ ഒന്നാണ് ചക്രസ്തംഭനം. പതിനഞ്ച് മിനിട്ട് മതി; ഇന്ത്യ കിടുങ്ങും. ഏറ്റവും തിരക്കുള്ള വൈറ്റില ഇടപ്പള്ളി റോഡിൽ അതു പരീക്ഷിച്ചതാണ്. ഇന്ധന വില ശ്ശടേന്നു താന്നു. ജനം താങ്ങി നിർത്തിയതുകൊണ്ട് മുഴുവനായും താണില്ല. എങ്കിൽ വല്ല ഇലക്ട്രിക് വാഹനമോ, മണ്ണെണ്ണയും പച്ചിലച്ചാറും സമംസമം ചേർത്ത് ഓടിക്കുന്ന വണ്ടിയോ നിരത്തിലിറങ്ങുന്നതു കാണാമായിരുന്നു. ഭാഗ്യം, അത്യാഹിതമൊന്നും സംഭവിച്ചില്ല. ചക്രസ്തംഭനമെന്ന പ്രയോഗം കേട്ടാൽ 'തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ' എന്നു പാടാൻ പറ്റിയ പ്രായത്തിലുള്ള കവികളൊന്നും നാട്ടിലില്ല. പഴയ തലമുറയലെ 'ശിഷ്ട'ന്മാർ അതു കേട്ടാൽ ഒപ്പം സ്തംഭിച്ച്, വിറങ്ങലിച്ച്, മരവിച്ച് അങ്ങിരുന്നു കൊള്ളും. കാരണം 'ചക്രം' ഒരു കാലത്ത് 'ശ്രീപത്മനാഭന്റെ ചക്ര'മായിരുന്നു; ച്ചാൽ, സർക്കാർ ശമ്പളം. അതു വാങ്ങാൻ കഴിഞ്ഞിരുന്ന ഏതെങ്കിലും ശുദ്ധാത്മാക്കൾക്ക് 'സ്തംഭനം' ദഹിക്കാൻ സാധ്യതയില്ല. സിനിമാ നടനെന്ന പേരിൽ, കുളിയും കട്ടിംഗും ഷേവിംഗുമൊന്നും പതിവില്ലെന്നു തോന്നിക്കുന്ന ഒരു രൂപം കോൺഗ്രസ് ജില്ലാ കമ്മിറ്റിക്കെതിരെ കേസു കൊടുത്തതും നന്നായി. കോൺഗ്രസുകാർക്ക് പൊതുവെ കേസ് കുറവാണ്. ഇടതുപക്ഷത്തിന്റെ അടുത്തെങ്ങും വരില്ല. 


'തിങ്കളാഴ്ച നല്ല ദിവസം' എന്ന് ഒരു സിനിമയുടെ പേരിൽ അന്ധവിശ്വാസികളായ യൂത്തും മൂത്തതുമായ ഖദർധാരികൾ പതിനഞ്ചു മിനിറ്റ് ഗതാഗതക്കുരുക്ക് നിർമിച്ചതു മറ്റൊരു പുലിവാലായി. കോൺഗ്രസിൽ കൃത്യനിഷ്ഠക്കു പേരുകേട്ടയാളാണ് കെ. മുരളീധരൻ. നാലു മണിക്കു യോഗം എന്നറിഞ്ഞാൽ മൂന്നു മണിക്കു തന്നെ എത്തും. ഉച്ചയുറക്കം സദസ്സിന്റെ മുൻവരിയിലാകും. ഇത്ര കണിശക്കാരൻ ഭാര്യയുടെ നാടായ കോഴിക്കോട്ടു തന്നെ 'ലേറ്റ് കമർ' ആയി നോട്ടപ്പുള്ളിയായി. ഉദ്ഘാടകനാണ് അകത്തിരിക്കുന്നതെന്ന് പാവം വാഹനത്തിന് അറിയില്ലല്ലോ. ഏതായാലും പതിവു കോൺഗ്രസ് യോഗങ്ങളെ വെല്ലുംവിധം 11.25 നു തന്നെ സ്ഥലത്തെത്തി മുരളീധരൻ സ്തംഭനം ഉദ്ഘാടനം ചെയ്തു. 


ഇപ്പോൾ ഏതെങ്കിലും 'മംഗള കർമം' നടക്കുന്നിടത്തു ചെന്ന് ഇത്തരം പരിപാടികൾ നടത്തുന്നത് യൂത്ത് കോൺഗ്രസ് സ്വന്തം കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നൊരു സംശയം. കാഞ്ഞിരപ്പള്ളിയിൽ പൃഥ്വിരാജിന്റെ 'കടുവ'യുടെ ഷൂട്ടിംഗിൽ നടത്തുന്നത് റോഡിലിറങ്ങി നിന്നാട്ടാണെന്ന് കേട്ട് പൊൻകുന്നത്തു നിന്നും യുവാക്കൾ മാർച്ച് തുടങ്ങി. ഗ്രൂപ്പുകളിച്ച് കൈകാലുകളിൽ നീരും ചതവും തഴമ്പുമൊക്കെയുള്ള കാഞ്ഞിരപ്പള്ളി ടീമും വിട്ടില്ല. അവർ കടുവയ്ക്കു സംരക്ഷണം നൽകി. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. ജോജുവെന്ന താടിക്കാരൻ നടൻ സെറ്റിലുണ്ടെന്നും ഒന്നു മുട്ടിനോക്കാമെന്നും മോഹിച്ചാണ് പൊൻകുന്നം പട എത്തിയതത്രേ! നടനും ഡി.സി.സിയും തമ്മിൽ ചർച്ചയ്ക്കായി ചില മെത്രാന്മാർ പോലും ഉറക്കമിളയ്ക്കുന്നതിനാൽ സംഘട്ടനം നീണ്ടില്ല. പൊൻകുന്നം പട മടങ്ങുന്ന വേളയിൽ ആരോ 'കാര്യം' എന്തായി എന്ന് അന്വേഷിച്ചുവത്രേ! മുൻനിരയിൽ നടന്നിരുന്ന ഒരു ഖദർ മറുപടി പറഞ്ഞത് ഇങ്ങനെ:- അവിടെ ഏതാണ്ട് കടുവ റോഡിലിറങ്ങി എന്നു കേട്ടിട്ടല്യേ ഞങ്ങളീ പുകിലിനൊക്കെ പോയത്! വേണ്ടായിരുന്നു! അതേ, മൂവർണ്ണക്കൊടിയുമായി ആര് സമരത്തിനിറങ്ങിയാലും വല്ലാതെ വഴുതിപ്പോകുന്നു. എന്താണങ്ങനെ?

****                                     ****                                  ****


ആത്മാർഥമായി പരിശ്രമിച്ചാൽ ഇനിയും ഭാവിയുണ്ടെന്നാണ് ജി. സുധാകരന്റെ മുഖത്തുനോക്കി പിണറായി സഖാവ് പ്രവചിച്ചതത്രേ!
രണ്ടാം തവണ കിട്ടിയ പരസ്യ ശാസന അദ്ദേഹത്തിന്റെ മെല്ലെപ്പോക്കിനു മാത്രമായി. ഫണ്ട് പിരിവ്, തെരഞ്ഞെടുപ്പ് യോഗം, ജാഥ, കട്ടൻ ചായയും പരിപ്പുവടയും തുടങ്ങി വിവിധ ഇനങ്ങളിൽ അദ്ദേഹം പിന്നിലായിപ്പോയി. ചെറിയാൻ ഫിലിപ്പിന്റെ ഭാഷയിൽ 'പിന്നെ മോക്ഷത്തിനാണോ രാഷ്ട്രീയത്തിൽ' പ്രവർത്തിക്കുന്നത് എന്ന് മറ്റു നോതാക്കൾ ചോദിച്ചുപോലും! അത്രമേൽ നിഷ്‌കാമ കർമിയും നിർമമനും നിരഹങ്കാരിയുമൊക്കെയായ സഖാവ് സ്വന്തം വേദനകൾ അടുത്ത കവിതയിൽ പ്രകാശിപ്പിക്കും എന്ന് സംസ്ഥാന നേതൃത്വം ഭയപ്പെടുന്നുമുണ്ട്. മന്ത്രിയായിരുന്ന കാലത്ത് സ്വന്തമായി പത്തു രൂപ സമ്പാദിക്കുകയോ, പാർട്ടിക്ക് ഇത്തിരി വല്ലതും സമ്പാദിച്ചു കൊടുക്കുകയോ ചെയ്തില്ല, ഈ ആംഗല-മലയാള മഹാകവി. കഴിഞ്ഞുപോയ ആ പത്തു കൊല്ലക്കാലം മറ്റൊരു സഖാവായിരുന്നെങ്കിൽ ഫണ്ട് എത്ര വന്നു ചേരുമായിരുന്നുവെന്ന് ആലപ്പുഴ ജില്ലയിലെ ധനകാര്യ വിദഗ്ധൻ റിപ്പോർട്ട് വല്ലതും എഴുതിക്കൊടുത്തോ എന്ന കാര്യം അജ്ഞാതം. കാവ്യാംഗനയെ സദാനേരം തോളിലേറ്റി നടന്നതു നിമിത്തം തെരഞ്ഞെടുപ്പു കമ്മിറ്റിയുമായി വേണ്ടവിധം സഹകരിച്ചിരുന്നില്ല എന്ന ആരോപണത്തിൽ കഴമ്പുണ്ട്.

കമ്മിറ്റിയിൽ കവിതയോടു കമ്പമുളള ഒരു സഖാവുമില്ല. എന്നാൽ ഇതോടെ സുധകരൻ സഖാവിന്റെ ഗ്രാഫ് വീണ്ടും ഉയരുന്നതായാണ് ആഗോള രാഷ്ട്രീയ പണ്ഡിതന്മാർ കാണുന്നത്. ഇ.എം.എസ്, ഗൗരിയമ്മ, വി.എസ്, പിണറായി, ആഞ്ചലോസ് തുടങ്ങി മുമ്പു തന്നെ ഉന്നത മാർക്ക് വാങ്ങിയ അച്ചടക്ക ലംഘനക്കാരുണ്ട്. ഇനി പിണറായിയുടെ ഫോട്ടോയോടൊപ്പം സുധാകര കവിയുടെ ചിത്രവും പ്രദർശിപ്പിക്കുന്ന കാലം വരും. അത്രയ്ക്കുണ്ട് ആലപ്പുഴയിൽ കവിയുടെ ആരാധകർ. വെള്ളാപ്പള്ളി നടേശ ഗുരു പിന്തുണച്ചതു മാത്രമേ സുധാകരന് ഭയപ്പെടാനുള്ളൂ.
'കാട്ടുകള്ളന്മാർ' എന്ന പേരിൽ എം.എസ്. മണി വക ഒരു അന്വേഷണാത്മക പത്രപ്രവർത്തന പുസ്തകം തന്നെയുണ്ട്. എന്നിട്ടു വനം കൊള്ളയ്‌ക്കെന്തു സംഭവിച്ചു? അത്തരം വിമർശനങ്ങളും അന്വേഷണങ്ങളും കൂടി 'വള'മായി ഭവിച്ചു. അതുകൊണ്ടു സമാധാനിക്കാൻ കഴിയുന്നതല്ല മുല്ലപ്പെരിയാർ മരംമുറി.


ഇരട്ടച്ചങ്കുള്ള ഒരു ഭരണാധികാരിയും അംശം അധികാരികളും വാഴുന്ന നാട്ടിലാണ് മന്ത്രിമാരറിയാതെ അണ്ണാച്ചി 'ചിന്നഡാമി'ന്റെ പേരിൽ മരംകടത്തിയത്. ഉദ്യോഗസ്ഥ തലത്തിൽ ഒപ്പിട്ട ശേഷമായിരുന്ന ഘോര കൃത്യം. ന്യായമായും ഉയരുന്ന ഒരു ചോദ്യമുണ്ട്- വനം മന്ത്രി ഇതൊന്നും അറിഞ്ഞില്ലേ? യെസ്, സാർ. അറിഞ്ഞു, മാത്രമല്ല, സംസ്ഥാന താൽപര്യം നോക്കിയ ശേഷമേ അത്താഴം പോലും കഴിക്കൂ എന്നതാണ് തന്റെ ദൃഢപ്രതിജ്ഞ. 23 മരങ്ങൾ മുറിച്ചേ തീരൂ എന്ന് അണ്ണാച്ചിയുടെ ചീഫ് എൻജിനീയർക്കു ഒരേ വാശി. നമ്മൾ 15 മരങ്ങളെ തട്ടിക്കോളാൻ അനുവദിച്ചു. ബാക്കിയുള്ള എട്ടിനെ തൊട്ടാൽ കൈവെട്ടും. അതാണ് നയം. മന്ത്രി എ.കെ. ശശീന്ദ്രനാണെന്നു കേൾക്കുമ്പോൾ ഇടതും വലതും മുന്നണികളിൽ പലരും പരിഭ്രമിക്കുന്നുമുണ്ട്. ഇതുവരെ കൈയാളിയ വകുപ്പുകൾ ഒന്നിൽ പോലും പാസ്മാർക്ക് നേടിയിട്ടില്ല. ഒരു വെള്ളാന എന്നാലെന്ത്? തികച്ചും കാലിക പ്രസക്തമായ ഹണിട്രാപ്പ്... ഇടതുമുന്നണിക്കു പരിചയപ്പെടുത്തിയ ദേഹമാണ്. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്കു പ്രിയംകരൻ. അതിനാൽ തന്നെ മൊത്തം വനം അപ്രത്യക്ഷമായാലും മുന്നണി മിണ്ടില്ല. മന്ത്രിമാരറിയാതെ ബ്യൂറോക്രസിയാണ് എല്ലാ ക്രൂരകൃത്യങ്ങളും ചെയ്യുന്നതെങ്കിൽ, പിന്നെ മന്ത്രിയെന്തിന്? 
 

Latest News