ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ നടന്ന കലാപത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്കെതിരെ കോടതി കൊലപാതകം, കലാപം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി.
2020 ഫെബ്രുവരി 25ന് അംബേദ്കര്‍ കോളേജിന് സമീപം ദീപക് എന്നയാളെ നിഷ്‌കരുണം മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് അന്‍വര്‍ ഹുസൈന്‍, കാസിം, ഷാരൂഖ്, ഖാലിദ് അന്‍സാരി എന്നിവര്‍ക്കെതിരായ ആരോപണം. രക്തസ്രാവം മൂലമാണ് ദീപക് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് അഭിഭാഷകരുടെ സാന്നിധ്യത്തില്‍ വിശദീകരിച്ചു. കുറ്റം നിഷേധിച്ച പ്രതികളുടെ അഭിഭാഷകര്‍ കേസില്‍ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഗൂഢാലോചന വളരെ വലുതാണെന്ന് ജഡ്ജി പറഞ്ഞു.
കേസിലെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷി സുനില്‍ കുമാറാണ്. ദീപക്കിനെ പ്രതികള്‍ അടങ്ങുന്ന ആയുധധാരികളായ മുസ്ലീം ജനക്കൂട്ടം കൊലപ്പെടുത്തുന്നത് കണ്ടു എന്നാണ് സാക്ഷിയുടെ മൊഴി.