യംഗൂണ്‍- മ്യാന്മറില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഡാനി ഫിന്‍സ്റ്ററിനെ കോടതി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകനും ജോലി ചെയ്തിരുന്ന ഓണ്‍ലൈന്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫുമാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രോണ്ടിയര്‍ മ്യാന്‍മര്‍ മാസികയുടെ സീനിയര്‍ എഡിറ്ററാണ് 37 കാരനായ ഫിന്‍സ്റ്റര്‍. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും സൈന്യത്തിനെതിരെ കലാപത്തിനു പ്രേരിപ്പിച്ചുവെന്നുമാണ് കോടതി കണ്ടെത്തിയത്. നിയമം നല്‍കുന്ന പരമാവധി ശിക്ഷ എന്നാണ് കോടതി വിശേഷിപ്പിച്ചത്.
മ്യാന്‍മറില്‍ ഇതാദ്യമായാണ് ഒരു പശ്ചാത്യ മാധ്യമ പ്രവര്‍ത്തകന് വര്‍ഷങ്ങളോളം തടവുശിക്ഷ വിധിച്ചത്. ഫെബ്രുവരി ഒന്നിന് ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച സൈന്യം പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച ജനാധിപത്യത്തിലേക്കുള്ള പാതയിലെ പ്രാഥമിക നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
ഡാനിയെ ശിക്ഷിക്കുന്നതിന് കാരണമായി പറയുന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലൊന്നായ ഫ്രോണ്ടിയര്‍ മ്യാന്‍മറിന്റെ എഡിറ്റര്‍ ഇന്‍ചീഫ് തോമസ് കീന്‍ പറഞ്ഞു. ഡാനിയെ എത്രയും വേഗം മോചിപ്പിക്കണമെന്നും വീട്ടിലേക്കും കുടുംബത്തിലേക്കും മടങ്ങാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെയ് മാസത്തില്‍ രാജ്യം വിടുന്നതിനിടെയാണ് ഫിന്‍സ്റ്റര്‍ അറസ്റ്റിലായത്. അതിനുശേഷം യാംഗൂണിലെ ഇന്‍സെയിന്‍ ജയിലിലാണ്. രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കല്‍, തീവ്രവാദ നിയമം ലംഘിക്കല്‍ എന്നിങ്ങനെയുള്ള രണ്ട് ഗുരുതരമായ കുറ്റങ്ങള്‍ കൂടി കഴിഞ്ഞയാഴ്ച അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.