1947 ല്‍ ലഭിച്ചത് ഭിക്ഷ; കങ്കണയുടെ പ്രസ്താവനയോട് യോജിക്കാനാവാതെ ബി.ജെ.പിക്കാരും

ന്യൂദല്‍ഹി- ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയാണെന്നുമുള്ള നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയില്‍ ബി.ജെ.പിയിലും അതൃപ്തി. താന്‍ ദേശീയവാദിയാണെന്ന് അവകാശപ്പെട്ട് നേരത്തെ കങ്കണ വിവാദ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും പിന്തുണച്ചിരുന്നു.

ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന എം.പി വരുണ്‍ ഗാന്ധി നേരത്തെ കങ്കണ പറയുന്നത് ഭ്രാന്താണെന്ന പറഞ്ഞ് രംഗത്തുവന്നിരുന്നു.

കങ്കണക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ദല്‍ഹിയിലെ ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളെ കങ്കണ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.


ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നെന്ന കങ്കണയുടെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ദുരപയോഗവും സ്വാതന്ത്ര്യ സമര പോരാളികളുടെ ത്യാഗത്തിനു നേരെയുള്ള അപമാനവുമായാണ് കാണുന്നതെന്ന് പ്രവീണ്‍ ശങ്കര്‍ ട്വീറ്റ് ചെയ്തു. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെന്ന നിലയിലും സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബത്തില്‍ നിന്നുള്ളയാളെന്ന നിലയിലും ഇത് അംഗീകരിക്കാനാവില്ല. പ്രസ്താവനക്കെതിരെ നിയമനടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് മോഡി അധികാരത്തില്‍ വന്ന 2014 ലാണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണാവത്തിന്റെ  പ്രസ്താവന വലിയ വിവാദമാണ് സൃഷ്ടിച്ചത്.  സവര്‍ക്കറുള്‍പ്പെടെയുള്ളവരാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടാന്‍ വേണ്ടി പൊരുതിയവരെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.

 

Latest News